കൊവിഡ് 19: പ്രവാസികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍
ഒരേ മുറിയില്‍ എട്ടും പത്തും പേര്‍ ഒന്നിച്ച് താമസിക്കുന്ന ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സുകളിലുള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് സ്വയം രക്ഷക്കു മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷക്കും അത്യാവശ്യമാണ്.
കെ എന്‍ നവാസ് അലി
മലപ്പുറം: കൊവിഡ് 19 പ്രവാസികളില്‍ ഏറെ ഭീതി സൃഷ്ടിച്ച് വ്യാപകമായി പടരുകയാണ്. രോഗം ബാധിച്ചവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സൗകര്യമില്ലാത്തതും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭിക്കാത്ത സാഹചര്യവും പ്രവാസികളുടെ കൊവിഡ് കാലം ദുരിതപൂര്‍ണമാക്കി മാറ്റുന്നുണ്ട്. ഒരേ മുറിയില്‍ എട്ടും പത്തും പേര്‍ ഒന്നിച്ച് താമസിക്കുന്ന ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സുകളിലുള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് സ്വയം രക്ഷക്കു മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷക്കും അത്യാവശ്യമാണ്.
കൊവിഡിന്റെ രോഗലക്ഷണങ്ങളോടെ ഒരാള്‍ മുറിയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് ചികില്‍സ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയാണ് ആദ്യം വേണ്ടത്. രോഗബാധിതനാകുന്നത് ആരുടെയും കുറ്റം കൊണ്ടല്ല എന്നതിനാല്‍തന്നെ രോഗിയെ വേറിട്ട് കാണേണ്ടതില്ല. സാമൂഹിക അകലം മാത്രമാണ് വേണ്ടത്, മാനസികമായ അകല്‍ച്ചയല്ല എന്നതാണ് ഒന്നിച്ച് താമസിക്കുന്നവര്‍ ആദ്യം തിരിച്ചറിയേണ്ടത്.
85 ശതമാനം പേര്‍ക്കും കൊവിഡ് ബാധ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. പനി, ജലദോഷം,തൊണ്ട വേദന തുടങ്ങിയ അടയാളങ്ങളാണ് അനുഭവപ്പെടുക. ബാക്കിയുള്ള 15 ശതമാനം പേരില്‍ പത്തുശതമാനത്തിനാണ് ഇത് ന്യൂമോണിയ പോലുള്ള ഗുരുതര അസുഖമുണ്ടാക്കുന്നത്. അതില്‍ തന്നെ 5 ശതമാനം പേരാണ് മരണപ്പെടുന്നത്. അതുകൊണ്ട് കൊവിഡ് 19നെ ഭയക്കേണ്ടതില്ല, അതേ സമയം മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുകയും വേണം.
റൂമില്‍ ഒരു കൊവിഡ് പോസിറ്റീവ് രോഗിയുണ്ടെങ്കില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കൊവിഡ് ബാധിച്ച ഒരാള്‍ക്ക് ഏറ്റവും നല്ലത് ആശുപത്രിയിലെ സജ്ജീകരണങ്ങള്‍ തന്നെയാണ്. റൂമില്‍ കൂടെയുള്ളവരുടെ സുരക്ഷിതത്വത്തിനും ഇതു തന്നെയാണ് നല്ലത്. അധികൃതരെ അറിയിക്കാനും തുടര്‍ നടപടികള്‍ക്കും സൗകര്യമില്ലെങ്കില്‍ പിന്നെ ഏറ്റവുമാദ്യം ചെയ്യേണ്ടത് അത്തരക്കാരെ ഐസൊലേറ്റ് ചെയ്യുക എന്നതാണ്. അതായത് ബാത്റൂം ഉള്‍പ്പടെ സൗകര്യമുള്ള മുറിയിലേക്ക് അത്തരം ആളെ മാറ്റി എല്ലാവരില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് വേണ്ടത്. ഇനി ഇത്തരത്തില്‍ മാറ്റാന്‍ മുറി ഇല്ലാത്ത അവസ്ഥയാണെങ്കില്‍ കൊവിഡ് ബാധ സംശയിക്കുന്നയാളെ റൂമിന്റെ ഒരു മൂലയിലേക്ക് മാറ്റുകയും മറ്റുള്ളവര്‍ രണ്ടുമീറ്ററെങ്കിലും അകലം പാലിക്കുകയും വേണം. വേറൊരു വഴിയുമില്ലെങ്കില്‍ മാത്രമാണ് ഇത് ചെയ്യേണ്ടത്.
ഇനി ഒരു മുറി രോഗിക്കു മാത്രമാക്കി അവിടെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെങ്കില്‍ രോഗി സ്പര്‍ശിച്ച ഇടങ്ങളിലൊന്നും മറ്റുള്ളവര്‍ ഒരു കാരണവശാലും സ്പര്‍ശിക്കരുത്. മുറിയും കിടക്കയും കുളിമുറിയും എല്ലാം രോഗി തന്നെയാണ് വൃത്തിയാക്കേണ്ടത്. പൊതുവായ ബാത്റൂമാണ് രോഗിയുള്‍പ്പടെ എല്ലാവരും ഉപയോഗിക്കുന്നതെങ്കില്‍ രോഗിയും മറ്റുള്ളവരും സാധിക്കുന്നത്ര കൈകള്‍ കൊണ്ട് എവിടെയും തൊടാതിരിക്കണം. രോഗി ഗ്ലൗസ് ധരിച്ചിട്ടുണ്ടെങ്കില്‍ പോലും കൈകള്‍ കൊണ്ട് കഴിയുന്നതും കുറച്ചു മാത്രം തൊടാന്‍ ശ്രദ്ധിക്കണം.
രോഗി ഉപയോഗിക്കുന്ന ബാത്റൂം പങ്കിടുന്നവര്‍ വളരെയധികം ശ്രദ്ധിക്കാനുണ്ട്. സാധാരണയായി സാനിറ്റൈസര്‍ കൊണ്ട് ബാത്റൂമും രോഗി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഇടങ്ങളും വൃത്തിയാക്കുകയാണ് ചെയ്യേണ്ടത്. സാനിറ്റൈസര്‍ ലഭ്യമല്ലെങ്കില്‍ ബ്ലീച്ചിങ് പൗഡര്‍ കൊണ്ട് സ്വയം അണുനാശിനി നിര്‍മിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ കലക്കുക. ഇത് ആദ്യം കുറച്ച് വെള്ളമെടുത്ത് ബ്ലീച്ചിങ് പൗഡര്‍ കുഴമ്പു പരുവത്തിലാക്കി അത് ബാക്കിയുള്ള വെള്ളത്തില്‍ കലര്‍ത്തുകയാണ് എളുപ്പം. ഒരിക്കലും കൈയിട്ട് ഇളക്കരുത്. പൊള്ളാന്‍ സാധ്യതയുണ്ട്. കലക്കിവെച്ച വെള്ളം തെളിയുമ്പോള്‍ അതിന്റെ തെളി എടുക്കുക. ഇതാണ് ഒരു ശതമാനം ഹൈഡ്രോക്ലോറൈഡ്. ഇത് ഉപയോഗിച്ച് രോഗി തൊട്ട സ്ഥലങ്ങളും വസ്തുക്കളും തുടക്കാം. തുടച്ച ശേഷം അര മണിക്കൂര്‍ അതില്‍ തൊടരുത്. ഇത്രയും സമയമെടുത്താല്‍ മാത്രമേ ക്ലോറിന്‍ അണുക്കളുമായി പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുകയുള്ളൂ. ഇത്തരത്തില്‍ കൊറോണ വൈറസ് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം വൃത്തിയാക്കി വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയാം.
കൊവിഡ് 19 ബാധിച്ചയാളെ മാറ്റിപ്പാര്‍പ്പിക്കുന്നതുപോലെ പ്രധാനമാണ് മുറിയിലെ മറ്റുള്ളവര്‍ തമ്മില്‍ പാലിക്കേണ്ട കാര്യങ്ങളും. പുതപ്പ്, കിടക്ക, പാത്രങ്ങള്‍ എന്നിവയെല്ലാം അവനവന്‍ തന്നെ ഉപയോഗിക്കുക. പങ്കിടാതിരിക്കുക. ഒരു മേശയുടെ ചുറ്റുമിരുന്ന് സംസാരിക്കുന്നതു പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. കൊവിഡിന്റെ ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗാണുവാഹകനാണ് കൂടെയുള്ളതെങ്കില്‍ തിരിച്ചറിയാനാവില്ല. അതു കൊണ്ട് എല്ലാവരും ഒരു മീറ്റര്‍ അകലം പാലിക്കുന്നതാണ് നല്ലത്. ഈ അകലം ശാരീരികമായി മാത്രം ചെയ്യേണ്ടതാണ്. മാനസികമായുള്ള അടുപ്പത്തിന് ഒരു രോഗാണുവും തടസ്സമാകരുത് എന്നോര്‍ക്കുക. രോഗബാധിതനായ ആളോട് അകലം പാലിച്ച് സംസാരിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും ഒരു തടസ്സവുമില്ല.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഷിംന അസീസ്, ഡോ. അബ്ദുസ്സലാം ഉമര്‍ (റിയാദ്)