ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിന വര്‍ധന ആദ്യമായി രണ്ട് ലക്ഷം കടന്നു
വെള്ളിയാഴ്ച രാവിലെ ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 523,231 പേരാണ് കൊവിഡ് മൂലം ലോകത്ത് മരണമടഞ്ഞത്.
വാഷിംഗ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആദ്യമായി രണ്ട് ലക്ഷം പിന്നിട്ടു. അമേരിക്കയിലും ബ്രസീലിലും ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കയില്‍ മാത്രം ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്ക്(56,922) പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 47,984 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്. ദക്ഷിണാഫ്രിക്കയില്‍ 8,728 പേര്‍ക്കും റഷ്യയില്‍ 6,760 ആളുകളിലും മെക്‌സിക്കോയില്‍ 5,681 പേര്‍ക്കും പുതുതായി രോഗം കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 523,231 പേരാണ് കൊവിഡ് മൂലം ലോകത്ത് മരണമടഞ്ഞത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(131,477) മരണമടഞ്ഞതും. മരണസംഖ്യ ഒരു ലക്ഷം കടന്ന ഏക രാജ്യമാണ് അമേരിക്ക. രണ്ടാമതുള്ള ബ്രസീലില്‍ നാളിതുവരെ 61,990 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1200ലേറെ പേരാണ് ഇവിടെ മരണമടഞ്ഞത്.
ലോകത്താകെ 10,973,896 പേരില്‍ രോഗം കണ്ടെത്തിയപ്പോള്‍ 6,134,789 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ അമേരിക്കയില്‍ 2,836,875 ആയി രോഗബാധ. രോഗവ്യാപനത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ 1,501,353 പേര്‍ക്കാണ് ഇതുവരെ സ്ഥിരീകരണം. റഷ്യയിലും ഇന്ത്യയിലും ആറ് ലക്ഷത്തിലേറെ പേരില്‍ രോഗം വ്യാപിച്ചുകഴിഞ്ഞു. രാജ്യത്ത് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ദില്ലിയിലും അതീവ ഗുരുതര സാഹചര്യമാണുള്ളത്.