രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു; ഇതുവരെ മരിച്ചത് 16,893 പേര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

Update: 2020-06-30 05:23 GMT

ന്യൂഡല്‍ഹി: അണ്‍ലോക്കിങ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോളും രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 18,522 പേര്‍ക്ക് രോഗബാധയുണ്ടായി. 418 പേര്‍ മരിച്ചു. ഇതുവരെ 16,893 പേരാണ് കൊവിഡിന് കീഴടങ്ങിയത്. നിലവില്‍ രോഗികള്‍ 2,15125 ആണ്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ പതിനാല് ആശുപത്രികളില്‍ മാത്രം ഇതുവരെ രോഗികളായത് 2109 ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളായത് ദില്ലി എംയിസിലാണ്. 769 പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായത്.

രോഗബാധിതരയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗികളായത്. ഇന്നലെ മാത്രം 5257 പേര്‍ രോഗികളായി. അതെ സമയം ഡല്‍ഹിയെ പിന്നിലാക്കി തമിഴ്‌നാട് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ രോഗികളായത്. ഡല്‍ഹിയില്‍ 85, 161 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്‌നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടി. 

Tags:    

Similar News