രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 553 മരണം
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനവും സമ്പര്‍ക്ക രോഗികളും അധികരിച്ചതോടെ കേരളം ജാഗ്രത ശക്തമാക്കി.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 553 പേര്‍ മരിച്ചു. 28,498 പേര്‍ക്കാണ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9,06,752 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 23,727 ആയി.
ഇത് വരെ 5,71,460 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 63.02 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,11,565 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട പട്ടികയില്‍ പറയുന്നു.
രോഗികളുടെ എണ്ണം എറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 6,497 കേസുകളും 193 മരണവും റിപ്പോര്‍ട്ടു ചെയ്തു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 4328 കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുന്നത് ആശ്വാസകരമാണ്. ഇന്നലെ 1236 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
യുപിയും ഗുജറാത്തും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍ നിര്‍ദേശിച്ചു.
തമിഴ്‌നാട്ടില്‍ ഇന്നലെ 4328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു.
കര്‍ണാടകത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബെംഗളൂരുവിലാണ് കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കര്‍ണാടകത്തില്‍ ഇന്നലെ 2738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1315 രോഗികള്‍ ബെംഗളുരുവിലാണ്. സംസ്ഥാനത്ത് ആകെ 41,581 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 24,572 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 73 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 757 ആയി ഉയര്‍ന്നു.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനവും സമ്പര്‍ക്ക രോഗികളും അധികരിച്ചതോടെ കേരളം ജാഗ്രത ശക്തമാക്കി. സംസ്ഥാനത്തും സമ്പര്‍ക്ക രോഗികളും ഉറവിടം അറിയാത്ത രോഗികളും വര്‍ദ്ധിക്കുന്നത് ആശങ്ക പരത്തി.