തമിഴ്‌നാട്ടില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിച്ചത് മുന്നൂറിലധികം പേര്‍ക്ക്; ആശങ്ക വര്‍ദ്ധിക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 161 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323 ആയി.
ചെന്നൈ: തമിഴ്‌നാട്ടില്‍ രോഗ ലക്ഷണമില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 98 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസത്തിനിടെ മുന്നൂറലധികം ആളുകള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 161 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323 ആയി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 161 കേസുകളില്‍ 138 ഉം ചെന്നൈയില്‍ നിന്നാണ്. തൊട്ടടുത്തുള്ള ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
മറ്റ് പത്ത് ജില്ലകളില്‍ നിന്നാണ് അവശേഷിക്കുന്ന രോഗബാധിതരെ കണ്ടെത്തിയിരിക്കുന്നത്. 81 വയസ്സുള്ള വയോധികനും രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും കൊവിഡ് 19 സ്ഥിരീകരിച്ചു.
അതേ സമയം 1258 പേരാണ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിരിക്കുന്നത്. 1035 പേരിലാണ് സജീവ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. പരിശോധന നടത്തിയവരില്‍ 1,15,761 പേരുടെ ഫലവും നെഗറ്റീവാണ്. തമിഴ്‌നാട്ടില്‍ പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് ഏരിയകളായി തിരിച്ചിരിക്കുകയാണ്.