കൊവിഡ് വര്‍ധന: സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണം

സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തും

Update: 2021-04-07 14:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി പോലിസ് പരിശോധന കര്‍ശനമാക്കും. മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോ എന്ന് പോലിസ് ഉറപ്പാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നപടിയുണ്ടാവും. കൊവിഡുമായി ബന്ധപ്പെട്ടു നടന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുവര്‍ക്കും വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കും ഏഴ് ദിവസത്തെ കോറന്റൈന്‍ കര്‍ശനമാക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോളിങ് ഏജന്റുമാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും. സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്താനും യോഗത്തില്‍ ധാരണയായി.ജില്ലാ കലക്ടര്‍മാര്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. സംസ്ഥാനത്ത് നാളെ മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വീടുകളില്‍നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണാന്‍ പോകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയരാകണം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,15,736 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 42 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 21 പേരാണ്. ഒരു വാഹനവും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 88 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News