പ്രവാസികളുടെ രണ്ടാംഡോസ് രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍; സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ സുലഭം
സാങ്കേതികപ്രശ്‌നമെന്ന് അധികൃതര്‍
കണ്ണൂര്‍: പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടാംഡോസ് രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍. രണ്ടാമത് ഡോസിനു വേണ്ടി സര്‍ക്കാര്‍ നിര്‍ദേശിച്ച വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് കാണിക്കുന്നതെന്ന് പ്രവാസികള്‍ ആരോപിച്ചു. ഒന്നാം ഡോസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമ്പോഴും പിഴവുണ്ടെന്ന വിധത്തില്‍ തള്ളപ്പെടുന്നതായും ആക്ഷേപമുണ്ട്. അതേസമയം തന്നെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ സുലഭമായി ലഭിക്കുന്നുമുണ്ട്. സാങ്കേതിക പ്രശ്‌നമാണെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള നീക്കമാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാവുന്ന വിധത്തില്‍ പ്രവാസികളെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ആദ്യ ഡോസ് ഉള്‍പ്പെടെ മുന്‍ഗണനാ ക്രമത്തില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടാം ഡോസിന് വേണ്ടി അപേക്ഷിക്കുമ്പോഴാണ് വെബ്‌സൈറ്റില്‍ തകരാറ് കാണിക്കുന്നത്.
അതേസമയം തന്നെ സ്വകാര്യ ആശുപത്രികളില്‍ ആയിരത്തിനു മുകളില്‍ ടോക്കണ്‍ നല്‍കുന്നതായാണ് ആരോപണം. സ്വകാര്യ ആശുപത്രികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയതിനാല്‍ വിദേശത്തേക്കു പോകേണ്ടവര്‍ തുക നല്‍കി വാക്‌സിന്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതാണ് സംശയത്തിനിടയാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 780 രൂപയാണ് ഈടാക്കുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ മാത്രം 2000ത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാനുള്ള ടോക്കണ്‍ നല്‍കിയത്. വെബ്‌സൈറ്റ് തകരാര്‍ കാരണം ആയിരക്കണക്കിനു പ്രവാസികളാണ് വിഷമവൃത്തത്തിലായത്. ആദ്യ ഡോസ് സ്വീകരിച്ച് ഒരു മാസത്തിലേറെയായിട്ടും രണ്ടാം ഡോസ് സംബന്ധിച്ച വ്യക്തതയില്ലാത്തതു കാരണം യാത്രാനുമതിയുള്ള വിദേശരാജ്യങ്ങളിലേക്കു പോലും പോകാനാവാത്ത അവസ്ഥയാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന വിശദാംശങ്ങള്‍ സംബന്ധിച്ചും നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടാം ഡോസ് സംബന്ധിച്ച പ്രതിസന്ധി കൂടി ഉടലെടുത്തത്. പ്രശ്‌നം പരിഹരിച്ച് പ്രവാസികളുടെ പ്രയാസങ്ങള്‍ നീക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
Covid vaccination: Second dose registration for expatriates in crisis