താലിബാന്റെ മറവില്‍ സിപിഎമ്മിലെ ആര്‍എസ് എസ് ബീജങ്ങള്‍ വീണ്ടും ഫണം വിടര്‍ത്തുന്നു

താലിബാന്റെ പേരിലുള്ള പഴിയും മുസ്‌ലിം സമുദായത്തിന്. വിദ്വേഷ പ്രചാരണത്തില്‍ സംഘപരിവാരത്തെ കടത്തി വെട്ടുകയാണ് ദേശാഭിമാനിയും കേരളത്തിലെ സൈബര്‍ സഖാക്കളും.

Update: 2021-08-19 08:48 GMT

പിസി അബ്ദുല്ല

കോഴിക്കോട്: താലിബാന്റെ മറവിലുള്ള വിദ്വേഷ പ്രചാരണത്തില്‍ കേരളത്തിലെ സിപിഎമ്മിന്റെ മതേതര മുഖംമൂടി വീണ്ടും വലിച്ചു ചീന്തപ്പെടുന്നു. പുതിയ പ്രചാരണങ്ങളില്‍ അനാവരണം ചെയ്യപ്പെടുന്നതും സിപിഎമ്മിന്റെ കൃത്യമായ മുസ്‌ലിം വിരുദ്ധത. ആര്‍എസ്എസ് ശാഖയില്‍ രാഷ്ട്രീയം പഠിച്ച പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മുതല്‍ ജീവിതത്തിന്റെ സുവര്‍ണ കാലം ആര്‍എസ്എസിനു വേണ്ടി ഉഴിഞ്ഞുവച്ച സുധീഷ് മിന്നി, ഒ കെ വാസു തുടങ്ങിയവര്‍ ഇപ്പോള്‍ നയിക്കുന്ന സിപിഎം, മുസ്‌ലിം വിരുദ്ധ പ്രചാരണത്തില്‍ ഏതറ്റം വരെയും പോവുമെന്നതിന്റെ സാക്ഷ്യമാവുകയാണ് താലിബാന്റെ മറവിലുള്ള പുതിയ നുണ പ്രചാരണങ്ങളും.

'ദേശാഭിമാനി'ക്കു പിന്നാലെ, സൈബറിടങ്ങളിലെ ചെഗുവേരയുടെ ചോരച്ചിത്രങ്ങളിലൊളിഞ്ഞിരിക്കുന്ന ആര്‍എസ്എസ് ബീജങ്ങള്‍ താലിബാന്റെ മറവില്‍ ഒരു സമുദായത്തിനെതിരേ തീ തുപ്പുകയാണ്.

കേരളത്തിലെ ചെറുതും വലുതുമായ ഒരൊറ്റ മുസ്‌ലിം സംഘടനയും താലിബാനെ പിന്തുണച്ച് ഇതുവരെ രംഗത്തെത്തിയിട്ടില്ല. എന്നാല്‍,

രാജ്യാതിര്‍ത്തിക്കടുത്ത് ഭീകരതയുടെ താലിബാന്‍ പതാക പാറുമ്പോള്‍ കേരളത്തിലും താലിബാന്‍ വിജയത്തില്‍ 'വിസ്മയം'കൊള്ളുന്നവരുണ്ടെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ കണ്ടുപിടിത്തം. ചില സംഘടനകള്‍ പ്രതിപ്പട്ടികയിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ താലിബാനിസവുമായി ചേര്‍ത്തുവച്ച് സംസ്ഥാനത്ത് ഭീതിയും വിദ്വേഷവും വിതയ്ക്കാനും മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് സിപിഎമ്മും നടത്തുന്നത്.

കേരളം 'ഇസ്‌ലാമിക തീവ്രവാദി'കളുടെ ഹബ്ബാണെന്ന കാലങ്ങളായുള്ള ആര്‍എസ്എസ് മുറവിളി തന്നെയാണ് താലിബാന്‍ വിവാദത്തിന്റെ മറവില്‍ സിപിഎമ്മും പച്ചയായി ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. സമാധാന പൂര്‍ണമായി ജീവിതം നയിച്ച അഫ്ഗാനില്‍ സോവിയറ്റ് അധിനിവേശമടക്കമുള്ള പൈശാചികതകളാണ് താലിബാനിലെത്തിച്ചതെന്നതടക്കമുള്ള അടിസ്ഥാന കാരണങ്ങള്‍ കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരം ക്രിയാത്മക ചര്‍ച്ചകളോടുള്ള അമര്‍ഷം മാത്രമല്ല, സമുദായങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടേയും പതിവു തന്ത്രം കൂടിയാണ് താലിബാന്റെ പേരിലുള്ള പുതിയ വിദ്വേഷ പ്രചാരണത്തിലും മറനീങ്ങുന്നത്.

ചെഗുവേരയുടെ ചിത്രം വച്ച് സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ താലിബാന്‍ വിവാദത്തിലും നിര്‍വഹിക്കുന്ന ആര്‍എസ്എസ് ദൗത്യം തന്നെയാണ് മുസ്‌ലിം വിഷയങ്ങളിലെല്ലാം കഴിഞ്ഞ കുറേ കാലങ്ങളായി സിപിഎം കേരളത്തില്‍ നിര്‍വഹിക്കുന്നത്. ഇസ്‌ലാമോഫോബിക് അജണ്ടകളുമായി സൈബര്‍ സഖാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിച്ച മലപ്പുറം വിരുദ്ധ സമരത്തിലും വത്തക്കാ സമരത്തിലും കിതാബ് നാടക വിവാദത്തിലും വിജയരാഘവന്റെ പാണക്കാട് വിവാദത്തിലും ഒടുവില്‍ താലിബാന്റെ രണ്ടാം വരവിലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ 'മനുഫെസ്‌റ്റോ'ആയി മാറിയതും മാറുന്നതുമാണ് കാഴ്ചകള്‍.

മുസ്‌ലിം സമൂഹത്തിനെതിരായ നുണകള്‍ ഏറ്റുപിടിച്ച് പൊതുബോധമെന്ന പേരില്‍ സമുദായത്തിനെതിരേ പ്രചരിപ്പിക്കുന്ന ഇടത് പുരോഗമന കാപട്യത്തിന്റെയും അമിതാവേശത്തിന്റെയും ഡിഎന്‍എ പരിശോധിച്ചാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളിലെ ആര്‍എസ്എസ് ബീജത്തിലും ഉല്‍പ്പത്തിയിലുമാണ് എത്തിപ്പെടുകയെന്ന് താലിബാന്‍ വിവാദവും തെളിയിക്കുന്നു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കാലം മുതല്‍ രണ്ടാം പിണറായി കാലം വരെ മുസ്‌ലിം വിരുദ്ധതയാണ് സിപിഎമ്മിന്റെ പൊതുവായ സമീപനം.

1965 ല്‍ മുസ്‌ലിംലീഗുമായി കൂട്ടു കൂടിയതിന്റെ 'കറ' തീര്‍ക്കാനാണ് ഇഎംഎസിന്റെ ശിഷ്ട കാലം ചെലവഴിച്ചത്. കേരളത്തിലെ ആര്‍എസ്എസ് ആചാര്യനായിരുന്ന പി പരമേശ്വരനുമായി ഇഎംഎസ് പുലര്‍ത്തിയത് വൈകാരിക ബന്ധമായിരുന്നു എന്നത് ആര്‍എസ്എസ് പോലും അംഗീകരിക്കുന്ന വസ്തുതയാണ്. പരമേശ്വരനുമായി പുലര്‍ത്തിയ ബന്ധം ഇഎംഎസിന്റെ സമീപനങ്ങളെയും ആഴത്തില്‍ സ്വാധീനിച്ചിരുന്നുവെന്ന ആക്ഷേപങ്ങളെ സാധൂകരിക്കുന്നതാണ് നമ്പൂതിരിപ്പാടിന്റെ പല പ്രഖ്യാപിതമായ നിലപാടുകളും.

മുസ്‌ലിം രാഷ്ട്രീയം എന്ന സ്വത്വത്തെ നമ്പൂതിരിപ്പാട് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ രാഷ്ട്രീയ ശാക്തീകരണം ആവശ്യമില്ലാത്തതിനാല്‍ മുസ്‌ലിംലീഗടക്കമുള്ള സംഘടനകള്‍ പിരിച്ചുവിട്ട് ഇടതു പക്ഷത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്നായിരുന്നു ഇഎംഎസിന്റെ മരണം വരെയുള്ള ആവശ്യം.

രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയത ആക്രമണോത്സുകമായി മുന്നേറുന്നതിനോടും അതുവഴി മുസ്‌ലിംകള്‍ വര്‍ഗീയമായി വേട്ടയാടപ്പെടുന്നതിനോടും സത്യസന്ധമോ വസ്തുതാപരമോ ആയ സമീപനമായിരുന്നില്ല ഇഎംഎസ് നമ്പൂതിരിപ്പാട് അവലംബിച്ചത്. ബാബരി മസ്ജിദ് വിഷയത്തില്‍ ഇഎംഎസിന്റെ നിലപാടുകള്‍ അതിന്റെ സാക്ഷ്യമായിരുന്നു. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ബാബരി മസ്ജിദിന്റെ ചരിത്ര പശ്ചാത്തലവും വസ്തുതകളും ഇഎംഎസ് പാടേ അവഗണിച്ചു. ബാബരിയുടെ നാള്‍വഴി യാഥാര്‍ഥ്യങ്ങളും ഹിന്ദുത്വ അതിക്രമങ്ങളും കണ്ടില്ലെന്നു നടിച്ച ഇഎംഎസ് ചരിത്ര രേഖകളിലൂന്നിയുള്ള സംവാദത്തിന് ഒരിക്കല്‍ പോലും തയ്യാറായില്ല.

എന്നാല്‍,യാഥാര്‍ഥ്യങ്ങള്‍ വെടിഞ്ഞ് ബാബരി മസ്ജിദ് 'തര്‍ക്ക മന്ദിര' മാണെന്ന് ഇഎംഎസ് സ്ഥാപിക്കുകയും ചെയ്തു. വഖഫ് ഭൂമിയിലെ ബാബരി പള്ളി പൊളിച്ചു മാറ്റണമെന്ന് ഇഎംഎസ് പറഞ്ഞതായ വിവാദ 'മാതൃഭൂമി' വാര്‍ത്ത അദ്ദേഹം പിറ്റേന്ന് നിഷേധിച്ചെങ്കിലും അതിന്റെ വിശദീകരണത്തില്‍ ബാബരി മസ്ജിദ് തര്‍ക്കഭൂമിയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. മാത്രവുമല്ല, ബാബരി മസ്ജിദ് സംരക്ഷിക്കണമെന്ന നിലപാടിന്റെ പേരില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിനെ ആക്ഷേപിക്കാനും ആ വിശദീകരണത്തില്‍ ഇഎംഎസ് മറന്നില്ല.

മേധാവിത്വപരമായ അടിച്ചേല്‍പ്പിക്കലുകള്‍ ഊട്ടി ഉറപ്പിക്കുന്ന ബ്രാഹ്മണിക്കല്‍ തുടര്‍ച്ച തന്നെയായിരുന്നു മുസ്‌ലിം,പിന്നാക്ക രാഷ്ട്രീയത്തോട് ഇഎംഎസും പാര്‍ട്ടിയും എക്കാലവും പുലര്‍ത്തിയിരുന്നത്.

മത ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം വോട്ട് ബാങ്കിന്റെ പിന്‍ബലത്തിലാണ് 2016 ല്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും രമേശ് ചെന്നിത്തലയുടെയും പോലിസ് മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി യുഎപിഎ പ്രയോഗിച്ചതലും കുട്ടിക്കടത്ത് ആരോപിച്ച് ഡിഐജിയായിരുന്ന എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യതീംഖാനകളെയും അനാഥ കുട്ടികളെയും വേട്ടയാടിയതലുമടക്കമുള്ള മുസ്‌ലിം സമുദായത്തിന്റെ പ്രതിഷേധങ്ങളാണ് യുഡിഎഫിന് തുടര്‍ ഭരണം നഷ്ടപ്പെടുത്തിയതിലും പിണറായിയുടെ അധികാര ലബ്ധിയിലും മുഖ്യ ഘടകങ്ങളായി വര്‍ത്തിച്ചത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ സ്വന്തം നിയന്ത്രണത്തിലുള്ള പോലിസ് ഏറക്കുറെ കാവിവല്‍ക്കരിക്കപ്പെടുന്ന കാഴ്ചകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം അരങ്ങേറിയത്. ആര്‍എസ്എസിനെതിരായ പരാതിയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കു പോലും നീതി കിട്ടാത്ത അവസ്ഥ സംജാതമായി. ആര്‍എസ്എസുകാര്‍ വിളിച്ചു പറയുന്ന പരാതികളില്‍ യുഎപിഎ ചാര്‍ത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ബിജെപി കേന്ദ്ര നേതാക്കളുമായി ഏറെ അടുപ്പമുള്ള ലോകനാഥ് ബെഹ്‌റയെ നിയമിച്ചതിലെ ദുരൂഹത അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പത്ര സമ്മേളനത്തോടെ കൂടുതല്‍ ബോധ്യപ്പെട്ടു.

ഹാഗിയാ സോഫിയ വിഷയത്തില്‍ കേരളത്തിലെ സമസ്തയും കാന്തപുരം വിഭാഗവും ലീഗും അടക്കമുള്ളവരെ മതമൗലികവാദികളാക്കിയ അതേ സമീപനമാണ് ദേശാഭിമാനി താലിബാന്‍ വിവാദത്തിലും പയറ്റുന്നത്. ഹാഗിയ സോഫിയ പോലെ താലിബാന്‍ വിവാദവും ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ഇസ്‌ലാമോഫോബിയയും വിദ്വേഷവും വളര്‍ത്താനാണ് ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ നിയമ സഭാതിരഞ്ഞെടുപ്പിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണ പരമായ സമീപകാല നടപടികളിലുമൊക്കെ ക്രിസ്ത്യന്‍ പ്രീണനം അനുവര്‍ത്തിച്ച സിപിഎം, താലിബാന്‍ വിവാദത്തിലെ മുസ്‌ലിം വിരുദ്ധതയിലും ക്രിസ്ത്യന്‍ പ്രീണനവും വര്‍ഗീയമായ ധ്രുവീകരണവുമാണോ ലക്ഷ്യമിടുന്നതെന്നാണ് പൊതുവെ ഉയരുന്ന ചോദ്യം.

Tags:    

Similar News