ദലിതർ സമരം ചെയ്ത് നേടിയെടുത്ത കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർത്ത് സിപിഎം
കിളിമാനൂര്‍ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് എ ദേവദാസിന്റെയും കിളിമാനൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് മെബര്‍ രവിയുടെയും നേതൃത്വത്തിലാണ് കോളനിയിൽ വന്ന് ദലിത് ജനങ്ങൾക്ക് നേരെ അതിക്രമം നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.
കുടിവെള്ളത്തിനായുള്ള കമ്മിറ്റി വിളിച്ചു കൂട്ടാൻ പോവുകയാണെന്നും പങ്കെടുത്തില്ലെങ്കില്‍ നിര്‍മിച്ചിരിക്കുന്ന പൈപ്പ് ലൈന്‍ തകർക്കുമെന്നും നേരത്തെ സിപിഎം ഭീഷണിപ്പെടുത്തിയിരുന്നു. ജൂൺ 18ന് കിളിമാനൂര്‍ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് എ ദേവദാസിന്റെയും കിളിമാനൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ രവിയുടെയും നേതൃത്വത്തിലെത്തിയ അക്രമികൾ കോളനിയിൽ വന്ന് ജനങ്ങൾക്ക് നേരെ അതിക്രമം നടത്തുകയും ചെയ്തു. ജനങ്ങൾ സമരം ചെയ്തതുകൊണ്ടല്ല സിപിഎം ഒൗ ദാര്യത്തിലാണ് കുടിവെള്ളം ലഭിച്ചതെന്നും അത് ഇല്ലാതാക്കാൻ പാർട്ടിക്കറിയാമെന്നും സിപിഎം ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
അതിക്രമം നടന്നതിന് പിറ്റേന്ന് രാവിലെയാണ് കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിച്ചിരിക്കുന്നതായി സമരസമിതിയുടെ ശ്രദ്ധയില്‍പെട്ടത്. കുടിവെള്ള പദ്ധതിക്ക് വേണ്ടി സമരം ചെയ്ത ക്വാറിവിരുദ്ധ ജനകീയമുന്നണിയുമായി സഹകരിക്കുന്നവരുടെ വീട്ടിലെ കുടിവെള്ള പൈപ്പുകളാണ് പൊട്ടിച്ചിരിക്കുന്നത്. അതേസമയം അവിടെ അങ്ങിനെയൊരു ക്വാറി വിരുദ്ധ സമര സമിതി ഇല്ലെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവദാസ് തേജസ് ന്യുസിനോട് പ്രതികരിച്ചത്.
മാർച്ച് മാസം 21 മുതലാണ് ക്വാറി വിരുദ്ധ ജനകീയ സമരപ്രവർത്തകർ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിനു മുന്നിൽ സമരം ആരംഭിച്ചത്. ഏപ്രിൽ മാസം മൂന്നാം തീയതി നടന്ന ചർച്ചയിലാണ് പട്ടികജാതി വികസന കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി ഏറ്റെടുത്ത് പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കിയത്. സിപിഎമ്മിനെ വിഷയത്തിൽ ഇടപെടുത്താത്തതും ദലിതർ സമരം ഏറ്റെടുത്തതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതെന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്.