സിപിഎം നേതാവിന്റെ കൊലപാതകം: അറസ്റ്റിലായത് യുവമോര്‍ച്ച പ്രാദേശിക നേതാവ്; ആര്‍എസ്എസ് ബന്ധം മറച്ചുവയ്ക്കാന്‍ ശ്രമം

Update: 2021-12-03 05:24 GMT

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) ആര്‍എസ്എസുകാര്‍ കുത്തിക്കൊന്ന സംഭവം വഴിതിരിച്ചുവിടാന്‍ സംഘപരിവാര്‍ ശ്രമം. ആക്രമണത്തിന് നേതൃത്വം നല്‍കിയ യുവമോര്‍ച്ച നേതാവ് ജിഷ്ണു ചാത്തങ്കേരിയുടെ സംഘപരിവാര്‍ ബന്ധം മറച്ചുവച്ചാണ് മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് നല്‍കിയത്.


യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്നു കൊലപാതക കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള ജിഷ്ണു ചാത്തങ്കേരി. സേവാഭാരതി ഉള്‍പ്പടെ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയും പ്രാദേശിക നേതാവും കൂടിയായിരുന്നു ജിഷ്ണു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിഷ്ണു ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് സിപിഎമ്മും ആരോപിക്കുന്നു.

ജിഷ്ണുവാണ് ആക്രമണത്തിന് ആസൂത്രണം നടത്തിയതെന്നും മറ്റുപ്രതികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് ഇയാളാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുവമോര്‍ച്ച നേതാവ് ജിഷ്ണുവിനെ കൂടാതെ പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് ഇപ്പോള്‍ പോലിസ് പിടിയിലായിരിക്കുന്നത്. യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായ ജിഷ്ണു ജയിലില്‍ കഴിഞ്ഞപ്പോള്‍ പരിചയപ്പെട്ടയാളാണ് ഫൈസല്‍. കൊലപാതകത്തിനായി ജിഷ്ണു കൊണ്ടുവന്നതാണ് ഇയാളെ. കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ കുത്തിവീഴ്ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എന്‍ഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്ട്രീയ സംഘര്‍ഷം തീരെയില്ലാത്ത പ്രദേശത്താണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ ആസൂത്രിത ആക്രമണം.

പെരിങ്ങര പഞ്ചായത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മിനൊപ്പം ചേര്‍ന്നിരുന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കണാപറമ്പില്‍ ജിഷ്ണു അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ചാത്തങ്കേരി പുത്തന്‍പറമ്പില്‍ ബാലന്റെ മകനാണ്. ഭാര്യ സുനിത. അമ്മ ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ പഞ്ചായത്തിലും സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News