മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യം;മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 150ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ

സൂചികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്

Update: 2022-05-04 07:05 GMT

പാരിസ്:ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 180 രാജ്യങ്ങളുടെ പട്ടികയില്‍ 150ാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് ഇന്ത്യ.കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട സൂചിക റിപോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു.എന്നാല്‍ ഈ വര്‍ഷം വീണ്ടും 8 പോയിന്റ് താഴ്ന്ന് 150ലേക്ക് എത്തിയിരിക്കുകയാണ്. പാരീസ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന തയ്യാറാക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിലാണ് ഇക്കാര്യമുള്ളത്.

ഓരോ രാജ്യങ്ങളിലും മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും ചുറ്റുപാടുകളേയും വിലയിരുത്തിക്കൊണ്ടാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്.വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് പ്രധാനമായും റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകലും പരിഗണിക്കപ്പെട്ടു.

2021ലെ റിപ്പോര്‍ട്ട് ഇന്ത്യയെ തീരെ മാധ്യമസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലൊന്നായും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായും വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം മാധ്യമങ്ങളേയും മുകേഷ് അംബാനി അടക്കമുള്ള ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്നതായിരുന്നു 2021ലെ റിപോര്‍ട്ട്.2001 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ വാര്‍ത്തകളും വിവരങ്ങളും പൂര്‍ണമായി നിയന്ത്രിക്കുന്ന പരീക്ഷണശാലയായി ഗുജറാത്തിനെ മാറ്റിയ മോദി 2014 ല്‍ പ്രധാനമന്ത്രിയായ ശേഷം ഇതേ രീതി ദേശീയ തലത്തില്‍ നടപ്പാക്കി വരുന്നുവെന്നാണ് കണ്ടെത്തല്‍. മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമസ്ഥന്മാരായ ശതകോടീശ്വരന്‍മാരുമായി അദ്ദേഹം അടുത്ത ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന 'യോദ്ധാക്കള്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ ട്രോളുകളുടെ ഒരു സൈന്യം മോദി വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും റിപോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന തയ്യാറാക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യുന്ന പത്രപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും 'സിക്കുലര്‍' എന്ന് മുദ്രകുത്തുക, അവര്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുക, വനിതാ മാധ്യമപ്രവര്‍ത്തകരെ വേശ്യകളെന്ന് വിളിച്ച് അപമാനിക്കുക, മുഖ്യധാര മാധ്യമങ്ങളിലൂടെ അപമാനിക്കുക, സൈബര്‍ ആക്രമണം സംഘടിപ്പിക്കുക തുടങ്ങിയവ മോദി ഭക്തരുടെ പതിവ് പരിപാടിയാണെന്നും ആര്‍എസ്എഫ് കുറ്റപ്പെടുത്തിയിരുന്നു.

ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവവും സ്വതന്ത്ര വനിത മാധ്യമപ്രവര്‍ത്തകര്‍, റാണ അയൂബ്, ബര്‍ഖ ദത്ത് എന്നിവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതും ഇതിന് പിന്നാലെ ഇവര്‍ക്ക് നേരെ ഉണ്ടായ അധിക്ഷേപങ്ങളും ആര്‍എസ്എഫ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജോലി നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദു ആശയസംഹിതകള്‍ക്ക് വഴങ്ങാന്‍ മാധ്യമങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ആര്‍എസ്എഫ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഈ വര്‍ഷത്തെ റിപോര്‍ട്ട് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന ഇന്ത്യയുടെ കൂടെ അ യല്‍രാജ്യങ്ങളായ മ്യാന്‍മര്‍ (176), ചൈന (175), പാക്കിസ്ഥാന്‍ (157), ശ്രീലങ്ക (146), ബംഗ്ലദേശ് (162) എന്നിവയുമുണ്ട്.

സൂചികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇറാന്‍, എറിട്രിയ തുടങ്ങിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.

Tags:    

Similar News