ഉണ്ണിത്താനെതിരേ കാസര്‍കോഡ് കലാപക്കൊടി; അച്ചടക്കത്തിന്റെ വാളുമായി ചെന്നിത്തല

8 ജില്ലാ നേതാക്കള്‍ രാജിഭീഷണിയുമായി രംഗത്തെത്തിയതോടെ അനുനയനീക്കവുമായി സംസ്ഥാനനേതൃത്വവും സജീവമായി.

Update: 2019-03-17 07:54 GMT

കാസര്‍കോട്: മണ്ഡലത്തിനു പുറത്തു നിന്നുള്ള രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ കാസര്‍കോട് ഡിസിസിയില്‍ അമര്‍ഷം പുകയുന്നു. 18 ജില്ലാ നേതാക്കള്‍ രാജിഭീഷണിയുമായി രംഗത്തെത്തിയതോടെ അനുനയനീക്കവുമായി സംസ്ഥാനനേതൃത്വവും സജീവമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിസിസി ഭാരവാഹികളുമായി ഫോണില്‍ സംസാരിച്ചു. 18 പേര്‍ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദനോട്, അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

സ്ഥാനാര്‍ഥിയാകുമെന്ന് അവസാനനിമിഷം വരെ കരുതപ്പെട്ടിരുന്ന സുബ്ബ റായിയെ മാറ്റി ഉണ്ണിത്താന് സീറ്റ് നല്‍കിയതിനെതിരേയാണ് പ്രതിഷേധം. അതുവരെ ചിത്രത്തിലില്ലാതിരുന്ന ഉണ്ണിത്താനെ നൂലില്‍ കെട്ടിയിറക്കിയതിനെതിരേ ഒരു വിഭാഗം ജില്ലാ നേതാക്കള്‍ രാജി ഭീഷണി തന്നെ ഉയര്‍ത്തി. നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബ റായിയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.

ഇന്ന് പ്രവര്‍ത്തകര്‍ യോഗം ചേരാനിരിക്കെയാണ് അച്ചടക്കത്തിന്റെ വാളുമായി ചെന്നിത്തല രംഗത്തെത്തിയത്. അതേ സമയം, കാസര്‍കോട്ട് ഒരു പ്രശ്‌നവുമില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേല്‍ പറയുന്നത്. നല്ല ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് ഉണ്ണിത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയില്ലെന്നും സുബ്ബറായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണെന്നുമായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

Tags:    

Similar News