പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി സപ്തംബര്‍ 11ന് പരിഗണിക്കും

പ്രകടമായ നിയമ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പരിഗണിച്ചാണ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പോപുലര്‍ ഫ്രണ്ടിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ആദിത് പൂജാരി ചൂണ്ടിക്കാട്ടി.

Update: 2024-08-22 13:15 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി സപ്തംബര്‍ 11ന് പരിഗണിക്കും. ആക്റ്റിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. യുഎപിഎ ട്രൈബ്യൂണലിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ കോടതിയുടെ അധികാരപരിധി വിവരിക്കുന്ന ഒരു ഹ്രസ്വ കുറിപ്പ് നല്‍കാനും കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു. ട്രെബ്യൂണലിന്റെ ഉത്തരവ് അനുവദിക്കാത്തതിനാല്‍ ഹരജിക്കാരന് അതിന്റെ മെറിറ്റിനെ ചോദ്യം ചെയ്യാനാവില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ പറഞ്ഞു. പ്രസക്തമായ എല്ലാ കാര്യങ്ങളും ശരിയായി പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, പ്രകടമായ നിയമ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പരിഗണിച്ചാണ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പോപുലര്‍ ഫ്രണ്ടിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ആദിത് പൂജാരി ചൂണ്ടിക്കാട്ടി.

    2022 സപ്തംബര്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെന്ന് ആരോപിച്ച് ഏതാനും സംഘടനകളെയും അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കൂടാതെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ(സിഎഫ്‌ഐ), ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍(എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്(എന്‍ഡബ്ല്യുഎഫ്), ജൂനിയര്‍ ഫ്രന്റ്‌സ്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍(കേരള) തുടങ്ങിയവയെയാണ് നിരോധിച്ചത്. നിയമവിരുദ്ധ സംഘടനയെന്ന് പ്രഖ്യാപിച്ചായിരുന്നു നിരോധനം. ജനവിരുദ്ധ നയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎപിഎ പ്രകാരം ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധത്തിലായിരുന്നു നടപടി.

    കേന്ദ്ര തീരുമാനം ശരിവച്ച യുഎപിഎ ട്രൈബ്യൂണലിന്റെ മാര്‍ച്ച് 21ലെ ഉത്തരവ് ചോദ്യം ചെയ്താണ് പോപുലര്‍ ഫ്രണ്ട് കോടതിയെ സമീപിച്ചത്. മുന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 150ലധികം പേരെ 2022 സെപ്തംബറില്‍ രാജ്യവ്യാപകമായി കസ്റ്റഡിയിലെടുത്ത ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു വേണ്ടി അഡ്വ. ആദിത് പൂജാരിയാണ് ഹാജരായത്. യുഎപിഎ പ്രകാരം പോപുലര്‍ ഫ്രണ്ടിനെ ഭീകര സംഘടനയായി തരംതിരിച്ചിട്ടില്ലെന്ന് ആഗസ്ത് 13ലെ ഉത്തരവില്‍ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. പട്‌നയിലെ ജലാലുദ്ദീന്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് എ ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയത്.

Tags:    

Similar News