ഡല്‍ഹി പോലിസ് ഭീകരരെന്ന മുന്നറിയിപ്പ് നല്‍കി പതിച്ച പോസ്റ്ററിലെ ഫോട്ടോ പാകിസ്താനിലെ മദ്‌റസ വിദ്യാര്‍ഥികളുടേത്
ഡല്‍ഹി പോലിസിന്റെ ഭീകരവിരുദ്ധ വിഭാഗമായ സ്‌പെഷ്യല്‍ സെല്ലാണ് നവംബര്‍ 20ന് ദേശീയ തലസ്ഥാനത്ത് ആക്രമണം നടത്താനൊരുങ്ങുന്ന ഭീകരരെന്ന് മുദ്രകുത്തി വിദ്യാര്‍ഥികളുടെ ഫോട്ടോ പുറത്തുവിട്ടത്.
ന്യൂഡല്‍ഹി: ജെയ്‌ശെ മുഹമ്മദ് ഭീകരരെന്നാരോപിച്ച് ഡല്‍ഹി പോലിസ് നഗരം മുഴുവന്‍ പതിച്ച പോസ്റ്ററിലുള്ളത് പാകിസ്താനിലെ മദ്‌റസാ വിദ്യാര്‍ഥികളുടെ ഫോട്ടോ. ഇവര്‍ ഒരിക്കല്‍പ്പോലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാകിസ്താനിലെ മദ്‌റസ രംഗത്തെത്തിയതോടെ ഡല്‍ഹി പോലിസ് പോസ്റ്റര്‍ പിന്‍വലിച്ചു.
ഡല്‍ഹി പോലിസിന്റെ ഭീകരവിരുദ്ധ വിഭാഗമായ സ്‌പെഷ്യല്‍ സെല്ലാണ് നവംബര്‍ 20ന് ദേശീയ തലസ്ഥാനത്ത് ആക്രമണം നടത്താനൊരുങ്ങുന്ന ഭീകരരെന്ന് മുദ്രകുത്തി വിദ്യാര്‍ഥികളുടെ ഫോട്ടോ പുറത്തുവിട്ടത്. അമൃത്സറിലെ മതചടങ്ങിനു നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാമണ് ജാഗ്രതാ മുന്നറിയിപ്പ് വന്നത്.
രണ്ടു ചെറുപ്പക്കാര്‍ ഫിറോസ്പൂര്‍ 9 കിലോമീറ്റര്‍, ഡല്‍ഹി 360 കിലോമീറ്റര്‍ എന്ന് ഉറുദുവില്‍ എഴുതിയ മൈല്‍ക്കുറ്റിക്ക് സമീപം നില്‍ക്കുന്ന ഫോട്ടോയാണ് പോലിസ് പുറത്തുവിട്ടത്. ഇവരെ കണ്ടെത്തിയാല്‍ ഉടന്‍ പോലിസിനെ അറിയിക്കണമെന്ന സന്ദേശത്തോട് കൂടിയ പോസ്റ്ററുകളാണ് പോലിസ് നഗരം മുഴുവന്‍ പതിച്ചത്. പഹാഡ് ഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നമ്പറും പോസ്റ്ററില്‍ ഉണ്ടായിരുന്നു.
അമൃത്‌സറില്‍ നിന്ന് 133 കിലോമീറ്റര്‍ അകലെയുള്ള ഫിറോസ്പൂരാണ് മൈല്‍ക്കുറ്റിയിലേതെന്ന ധാരണയിലാണ് ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചതെന്ന് ഡല്‍ഹി പോലിസ് പറയുന്നു.
എന്നാല്‍, ആറ് ദിവസത്തിന് ശേഷം പാകിസ്താനിലെ ഫൈസലാബാദ് നഗരത്തിലുള്ള ജാമിഅ ഇംദാദിയ മദ്‌റസാ അഡ്മിനിസ്‌ട്രേറ്റര്‍ മുഫ്തി സാഹിദാണ് രണ്ടു പേരും തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണെന്ന് വ്യക്തമാക്കിയത്. നദീം, ത്വയ്യബ് എന്നീ വിദ്യാര്‍ഥികള്‍ ഒരിക്കല്‍പ്പോലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നില്ലെന്നും പാകിസ്താന്‍ പത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തു. രണ്ടു വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സ്ഥാപനം വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
ഏതാനും വര്‍ഷങ്ങളായി അവര്‍ ഈ മദ്‌റസയില്‍ പഠിക്കുന്നുണ്ട്. രണ്ടു പേരും ത്ബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പ് ലാഹോറില്‍ പോയിരുന്നു. ആ സമയത്ത് പതാക താഴ്ത്തല്‍ ചടങ്ങ് സന്ദര്‍ശിക്കുന്നതിന് ഇരുവരും ഗോണ്ട സിങ് അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്ന് എടുത്ത ഫോട്ടോയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതേ ചിത്രമാണ് ഡല്‍ഹി പോലിസും ഇന്ത്യന്‍ മാധ്യമങ്ങളും ഉപയോഗിച്ചത്.
സാഹിദ് വാര്‍ത്താ സമ്മേളനം നടത്തിയ അന്ന് തന്നെ പോലിസ് പോസ്റ്ററുകള്‍ പിന്‍വലിച്ചു. ഉന്നത ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതെന്നാണ് ഡല്‍ഹി പോലിസ് പബ്ലിക് റിലേഷന്‍ ഓഫിസറായ ഡപ്യൂട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മയുടെ അവകാശവാദം.