സൗദി അരാംകോയില്‍ തീപിടിത്തം; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്ഥിരത പ്ലാന്റ്' ആണ് ഇതെന്ന് സൗദി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇവിടെ സംസ്‌കരിക്കുന്ന എണ്ണ ഗള്‍ഫിലെയും ചെങ്കടലിലെയും ട്രാന്‍സിപ്‌മെന്റ് പോയിന്റുകളിലേക്ക് കൊണ്ടുപോകുന്നു. പ്രതിദിനം ഏഴ് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇവിടെ സംസ്‌കരിക്കുന്നത്.
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലയായ സൗദി അറേബ്യയിലെ അരാംകോയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ തീപ്പിടിത്തം. കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിന് അടുത്തുള്ള അബ്‌ഖൈഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് ആക്രമണമുണ്ടായതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നു. എണ്ണ സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ 4.00 ന് അരാംകോയിലെ വ്യാവസായിക സുരക്ഷാ സംഘങ്ങള്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീപിടുത്തങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി ദി പ്രസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. വലിയ തീപിടുത്തവും അന്തരീക്ഷത്തില്‍ പുകനിറഞ്ഞിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാവും. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ആക്രമണത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം 2015 മാര്‍ച്ച് മുതല്‍ യെമന്‍ ഹൂത്തിസ് വിമതരുമായുള്ള പോരാട്ടം തുടരുകയാണ്. സമാനമായ ആക്രമണങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ ആക്രമണത്തില്‍ അരാംകോയിലെ ഷെയ്ബ പ്രകൃതി വാതക ദ്രവീകരണ കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായി. ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ധഹ്‌റാനില്‍ നിന്ന് 60 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി അബ്‌ഖൈക്ക് എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്ഥിരത പ്ലാന്റ്' ആണ് ഇതെന്ന് സൗദി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇവിടെ സംസ്‌കരിക്കുന്ന എണ്ണ ഗള്‍ഫിലെയും ചെങ്കടലിലെയും ട്രാന്‍സിപ്‌മെന്റ് പോയിന്റുകളിലേക്ക് കൊണ്ടുപോകുന്നു. പ്രതിദിനം ഏഴ് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇവിടെ സംസ്‌കരിക്കുന്നത്.
തലസ്ഥാനമായ റിയാദില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ഖുറൈസ് സമുച്ചയം. അരാംകോയുടെ കണക്കനുസരിച്ച് 20 ബില്യണ്‍ ബാരലിലധികം എണ്ണയുടെ കരുതല്‍ ശേഖരം ഇവിടെ ഉള്ളതായി കണക്കാക്കുന്നു.ലോകമെമ്പാടുമുള്ള വാരാന്ത്യത്തില്‍ വിപണികള്‍ അടച്ചതിനാല്‍ ആക്രമണം ആഗോള എണ്ണവിലയില്‍ ഉടനടി പ്രതിഫലനമുണ്ടാക്കില്ല.