നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു
കേസില്‍ യുഎപിഎ ചുമത്താനുള്ള കാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് എന്‍സിഎച്ച്ആര്‍ഒയുടെ വസ്തുതാന്വേഷണ സംഘത്തോട് മദ്‌റസാ സിലബസിനെ കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. മുസ് ലിംകളുടെ മനോഭാവമാണ് യുഎപിഎ ചുമത്താന്‍ കാരണമെന്നും മദ്‌സറസാ സിലബസ് പരിഷ്‌കരിക്കണമെന്നുമായിരുന്നു പരാമര്‍ശം.
ബഷീര്‍ പാമ്പുരുത്തി
കണ്ണൂര്‍: നാറാത്ത് കേസ് പ്രാഥമിക ഘട്ടത്തില്‍ അന്വേഷിച്ച കണ്ണൂര്‍ മുന്‍ ഡിവൈഎസ്പി പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു. കണ്ണൂരിലെ ബിജെപി ഓഫിസില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് റിട്ട. ഡിവൈഎസ് പി പി സുകുമാരന് ബിജെപി അംഗത്വം നല്‍കിയത്. യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ യുഎപിഎ ചുമത്തിയ നാറാത്ത് കേസിലെ അന്വേഷണത്തിനിടെ പി സുകുമാരന്‍ നടത്തിയ പല പരാമര്‍ശങ്ങളും ഇടപെടലുകളും വിവാദമായിരുന്നു. മദ്‌റസകള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വസ്തുതാന്വേഷണ സംഘത്തിനു മുമ്പാകെയും നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും മുസ് ലിംവിരുദ്ധമായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിപിഎം പ്രവര്‍ത്തകന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയെന്ന ഗുരുതര ആരോപണം അന്നത്തെ സിപിഎം നേതാക്കള്‍ തന്നെ ഉന്നയിച്ചിരുന്നു. സിപിഎം അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ പി സുകുമാരനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. നാറാത്ത് കേസില്‍ പി സുകുമാരന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ആയുധപരിശീലന ക്യാംപെന്ന വിധത്തിലേക്ക് മാറ്റുകയും 21 യുവാക്കള്‍ക്ക് എട്ടുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തത്.
2013 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. ജനവാസ കേന്ദ്രമായ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമീപത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് പട്ടാപ്പകല്‍ യോഗ പരിശീലനം നടത്തുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധ പരിശീലനമെന്നാരോപിച്ച് മയ്യില്‍ പോലിസാണ് കസ്റ്റഡിയിലെടുത്തത്. അന്നത്തെ കണ്ണൂര്‍ എഎസ് പി ട്രെയിനി, ഡിവൈഎസ് പി പി സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആഭ്യന്തര വകുപ്പിന്റെയും പോലിസിന്റെയും നിര്‍ബന്ധബുദ്ധിയിലാണ് യുഎപിഎ ചുമത്തിയത്. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നാം പ്രതിക്ക് ഏഴുവര്‍ഷവും മറ്റുള്ളവര്‍ക്ക് അഞ്ചുവര്‍ഷവും യുഎപിഎ പ്രകാരം ഐഎന്‍ഐ കോടതി ശിക്ഷ വിധിച്ചു. പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് യുഎപിഎ, മതസ്പര്‍ധ വളര്‍ത്തല്‍, ദേശവിരുദ്ധ പ്രവര്‍ത്തനം എന്നിവയെല്ലാം ഒഴിവാക്കുകയും എല്ലാവരുടെയും ശിക്ഷ ആറുവര്‍ഷമാക്കി ക്രമീകരിക്കുകയും ചെയ്തു. യുവാക്കളെല്ലാം ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്.
കേസില്‍ യുഎപിഎ ചുമത്താനുള്ള കാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് എന്‍സിഎച്ച്ആര്‍ഒയുടെ വസ്തുതാന്വേഷണ സംഘത്തോട് മദ്‌റസാ സിലബസിനെ കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. മുസ് ലിംകളുടെ മനോഭാവമാണ് യുഎപിഎ ചുമത്താന്‍ കാരണമെന്നും മദ്‌സറസാ സിലബസ് പരിഷ്‌കരിക്കണമെന്നുമായിരുന്നു പരാമര്‍ശം. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയും സമാനരീതിയില്‍ പ്രസ്താവന നടത്തിയിരുന്നു. ക്രിസ്ത്യാനികള്‍ക്കും മറ്റും മതപഠനമുണ്ടെങ്കിലും അവര്‍ക്കൊന്നും പ്രശ്‌നമില്ലെന്നും മദ്‌റസാ സിലബസാണ് പ്രശ്‌നമെന്നുമായിരുന്നു പരാമര്‍ശം. ഇക്കാര്യം കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ അടിച്ചമര്‍ത്താനും ശ്രമിച്ചിരുന്നു. മാത്രമല്ല, റോഡരികിലും മറ്റും തെങ്ങുകള്‍ക്കും കൃഷിയിടങ്ങളിലും കമ്പിവേലി കെട്ടി സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരസ്യത്തെ കമ്പിവേലിയുടെ മറവില്‍ ജിഹാദ് എന്ന രീതിയില്‍ കണ്ണൂരിലെ ഒരു സായാഹ്നപത്രത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സഹായം ചെയ്തതും ഡിവൈഎസ് പി സുകുമാനായിരുന്നു. യാതൊരുവിധ തെളിവുകളുമില്ലാതെയുള്ള വാര്‍ത്ത പരിഹാസ്യമായി മാറുകയായിരുന്നു. മാത്രമല്ല, നാറാത്ത് കേസിലെ കുറ്റാരോപിതര്‍ക്ക് കോയമ്പത്തൂര്‍ സ്‌ഫോടനം തുടങ്ങിയവയുമായി ബന്ധമുണ്ട്, ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയ തുടങ്ങിയ സ്‌തോഭജനകമായ വ്യാജവിവരങ്ങള്‍ നല്‍കിയതും ഇദ്ദേഹമായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇറാനിലെ കിഷ് ദ്വീപിലേക്ക് വിസ മാറാന്‍ വേണ്ടി പ്രവാസികള്‍ ഉപയോഗിച്ചിരുന്ന പാസിനെയാണ് ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനം നടക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ക്കെതിരേ ബന്ധം ആരോപിച്ചതിന്റെ ഫലമായി തമിഴ്‌നാട് എടിഎസ് പോലും കണ്ണൂരില്‍ അന്വേഷണത്തിനെത്തിയിരുന്നു.
നാറാത്ത് തണല്‍ ഓഫിസില്‍നിന്ന് കണ്ടെടുത്തെന്നു പറഞ്ഞ് ഹാജരാക്കിയ ഒരു പുസ്തകത്തിലെ പരാമര്‍ശങ്ങളെയും ഡിവൈഎസ്പിയായിരുന്ന പി സുകുമാരന്‍ വളച്ചൊടിച്ച്, ഭീകരവല്‍ക്കരിച്ചാണ് അന്ന് മാധ്യമങ്ങളോട് വിളമ്പിയത്. മലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വരുടെ പങ്ക് പുറത്തുകൊണ്ടുവന്ന പോലിസ് ഉന്നത ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് മഹാരാഷ്ട്ര മുന്‍ ഐജിയായിരുന്ന എസ് എം മുശ് രിഫ് എഴുതിയ കര്‍ക്കരയെ കൊന്നതാര് എന്ന പുസ്‌കതത്തെയാണ് അദ്ദേഹം ഭീകരവാദത്തിന്റെ തെളിവായി അവതരിപ്പിച്ചത്. തേജസ് ബുക്‌സ് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ പുസ്‌കതത്തില്‍ മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ കുറിച്ചുള്ള സംശയങ്ങള്‍ അനാവരണം ചെയ്തിരുന്നു. ഇതിനെയെല്ലാം സംഘപരിവാര മനസ്ഥിതിയോടെയാണ് അന്ന് ഡിവൈഎസ്പിയായിരുന്ന പി സുകുമാരന്‍ മാധ്യമങ്ങളോട് അവതരിപ്പിച്ചത്. മേല്‍ക്കോയ്മ മാധ്യമങ്ങളുള്‍പ്പെടെ പലരും പി സുകുമാരന്റെ വാദങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നു.