ട്രെയിന്‍ തീവയ്പ്: പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി; യുഎപിഎ ചുമത്തുന്നതില്‍ തീരുമാനമായില്ല
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. ട്രെയിന്‍ തീവയ്പിനു പിന്നാലെ ട്രാക്കില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുപേരുടെ മരണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തിയത്. നേരത്തേ റെയില്‍വേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതകക്കുറ്റം ചുമത്തിയിരുന്നില്ല. എന്നാല്‍ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ടരവയസ്സുകാരി സഹ്‌റ, മട്ടന്നൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരണപ്പെട്ടത്. തീ പടരുന്നത് കണ്ട് ഇവര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്കു ചാടിയെന്നാണ് കരുതുന്നത്.
അതിനിടെ സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സംഘം കോഴിക്കോട്ടെത്തി. ഡിഐജി കാളി രാജ് മഹേഷ് ഉള്‍പ്പെടുന്ന സംഘമാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയത്. കേസില്‍ ഷാരൂഖിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഇന്നു രാവിലെ മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റുന്ന പ്രതിയെ തിങ്കളാഴ്ച വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കും.