തബ്‌ലീഗുകാരെ കാണാനില്ലെന്ന വ്യാജ വാര്‍ത്തയുമായി ജനം ടിവി; പരാതി നല്‍കിയപ്പോള്‍ മലക്കംമറിഞ്ഞു

Update: 2020-04-22 15:25 GMT

കോഴിക്കോട്: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് ആസ്ഥാനത്ത് നടന്ന മതചടങ്ങിള്‍ പങ്കെടുത്ത് കേരളത്തിലെത്തിയ 284 പേരെ കാണാനില്ലെന്ന് സംഘപരിവാര ചാനലായ ജനം ടിവിയുടെ വ്യാജവാര്‍ത്ത.ഇത്രയും പേരെ കണ്ടെത്താനായില്ലെന്നു മാത്രമല്ല, തിരിച്ചെത്തിയവരില്‍ ചിലരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്‌തെന്നായിരുന്നു ജനം ടിവി വാര്‍ത്ത. എന്നാല്‍, വ്യക്തമായ കണക്കുകളും വിശദീകരണവുമായി തബ് ലീഗ് ജമാഅത്ത് വക്താവ് ബന്ധപ്പെട്ടപ്പോള്‍, പ്രസ്താവന പ്രസിദ്ധീകരിച്ചതിനൊപ്പം ദേശീയമാധ്യമങ്ങളുടെ ചുമലിലേക്ക് ഉത്തരവാദിത്തം തള്ളിമാറ്റി തടിയൂരാനുമാണ് ശ്രമിച്ചത്. തബ് ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരെ കണ്ടെത്താന്‍ കേരളാ പോലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരെ വീടുകളിലോ മറ്റു ബന്ധപ്പെട്ട സ്ഥലങ്ങളിലോ കണ്ടെത്താനായിട്ടില്ലെന്നത് പോലിസിന് തലവേദനയാവുന്നതായുമാണ് ജനം ടിവി വാര്‍ത്തയില്‍ പറയുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളാണ് കേരളാ പോലിസിന് വിവരം കൈമാറിയിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

    


എന്നാല്‍, വാര്‍ത്ത തെറ്റാണെന്നും നിസാമുദ്ദീനില്‍ പോയ 303 പേരുടെയും തിരിച്ചെത്തിയ 151 പേരുടെയും വിശദവിവരങ്ങളും ടെലഫോണ്‍ നമ്പറുകളും അതാത് പോലിസ് അധികാരികള്‍ക്ക് യഥാസമയം കൈമാറിയെന്നും വിശദീകരിച്ച് തബ് ലീഗ് ജമാഅത്ത് വക്താവ് പള്ളിക്കര സ്വദേശി എം വി അഹമ്മദുണ്ണി രംഗത്തെത്തി. ഡിജിപിയെ വരെ ഉദ്ധരിച്ച് വ്യാജവാര്‍ത്ത നല്‍കിയതിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്ക് പരാതിയും നല്‍കി. ഇതോടെയാണ് മുന്‍ വാര്‍ത്തയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തടിയൂരാന്‍ ജനം ടിവി ശ്രമിച്ചത്. നിസാമുദ്ദീനില്‍ പോയ 303 പേരില്‍ 152 പേര്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലാണുള്ളത്.

    അവരുടെ വിശദവിവരങ്ങളും പോലിസ് വകുപ്പിനറിയാമെന്നിരിക്കെ നിസാമുദ്ദീന്‍ മര്‍കസിനെയും തബ് ലീഗ് പ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനം ടിവി അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മാത്രമല്ല, വാര്‍ത്ത സംബന്ധിച്ച് ഡിജിപി ലോക് നാഥ് ബെഹ്‌റയോട് അന്വേഷിച്ചപ്പോള്‍ അത്തരമൊരു വിവരം കൈമാറിയിട്ടില്ലെന്നും തബ് ലീഗ് ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നു മറുപടി നല്‍കിയതായും തബ് ലീഗ് വക്താവ് എം വി അഹമ്മദുണ്ണി തേജസ് ന്യൂസിനോട് പറഞ്ഞു.



 മാത്രമല്ല ഏഷ്യാനെറ്റ്, ന്യൂസ് 24 ചാനലുകള്‍ കോഴിക്കോട്ട് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തീവണ്ടിയില്‍ വന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തബ് ലീഗുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മര്‍കസില്‍ നിന്ന് ഭൂരിഭാഗം പേരും തിരിച്ചെത്തിയത് വിമാനമാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു.

    കേരളത്തില്‍ നിന്ന് ഫെബ്രുവരി 20നു മൂന്നുദിവസം മര്‍കസ് നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്തത് 303 പേരാണ്. ഇതില്‍ 151 പേര്‍ മടങ്ങിയെത്തി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 92 പേര്‍ ഇപ്പോഴും നാട്ടില്‍ തന്നെയുണ്ട്. 40 പേര്‍ മുംബൈ, വരാണസി എന്നിവിടങ്ങളിലേക്ക് തബ് ലീഗ് പ്രവര്‍ത്തനത്തിനു പോയി. പിന്നീട് അവര്‍ നിസാമുദ്ദീനില്‍ പോവാതെയാണ് തിരിച്ചെത്തിയത്. ഇവരുടെ ഫോണ്‍ വിവരങ്ങളെല്ലാം പോലിസിനു കൈമാറിയിട്ടുണ്ട്. 303ല്‍ ബാക്കിയുള്ള 152 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കര്‍ണാടക-12, ഡല്‍ഹി-23, ശ്രീനഗര്‍-23, പഞ്ചാബ്-14, മഹാരാഷ്ട്ര-5, ഉത്തര്‍പ്രദേശ്-37, ഹരിയാന-20, ആന്‍ഡമാന്‍ നിക്കോബാര്‍-12 എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലാണുള്ളത്. ഇവരെല്ലാം അവിടെ പരിശോധനയിലും വളരെ ചുരുങ്ങിയ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരെല്ലാം ചികില്‍സയിലും ക്വാറന്റൈനിലും കഴിയുകയാണ്. മാര്‍ച്ച് 7, 8, 9, 10 തിയ്യതികളില്‍ നടന്ന ആഗോള കൂടിയാലോചന സമിതിയില്‍ 57 പേരാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്. ഇവരില്‍ കൂടുതല്‍ പേരും വിമാനമാര്‍ഗമാണ് നാട്ടിലെത്തിയതെന്നും അഹമ്മദുണ്ണി പറഞ്ഞു.

Tags:    

Similar News