'അവനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്'; റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ കുടുംബം
family
കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്‌മോര്‍ട്ടം തള്ളി കുടുംബം രംഗത്ത്. മകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന് അമ്മയും സ്വയം ജീവനൊടുക്കില്ലെന്ന് സഹോദരങ്ങളും ആവര്‍ത്തിച്ചു. വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ദേഹത്തുണ്ടായ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണ്.
തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്. മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. വിശ്വനാഥന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ല എന്നത് കള്ളമാണെന്നും ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടെന്ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ നിരത്തി സഹോദരങ്ങള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെയും കുടുംബം രംഗത്തുവന്നിട്ടുണ്ട്. ഡോക്ടറെ സസ്‌പെന്റ് ചെയ്യണം. ഇത്രയും പരിക്കുകളുണ്ടായിട്ട് പിന്നെ പരിക്കുകളില്ലെന്ന് പറഞ്ഞ അയാളെ ആദ്യം പിടിക്കണമെന്നും നടന്നത് ആള്‍ക്കൂട്ട മര്‍ദ്ദനമാണെന്നും വിശ്വനാഥന്റെ കുടുംബം ആരോപിക്കുന്നു.
'എന്റെ അനിയന്‍ മദ്യം കഴിച്ചിട്ടില്ല. അവന് മരത്തിന്‍മേല്‍ കേറാന്‍ അറിയില്ല. പിന്നെയങ്ങനെയാണ് അത്രയും പൊക്കമുള്ള മരത്തില്‍ വലിഞ്ഞുകയറി ആത്മഹത്യ ചെയ്യുക...' സഹോദരങ്ങള്‍ ചോദിച്ചു. ''അവന്റെ നെഞ്ച് പൊട്ടി രക്തം വന്നിട്ടുണ്ട്. പല്ലുകള്‍ ഇടിച്ചുപൊട്ടിച്ചിട്ടുണ്ട്.. പുറത്തും മുറിവുകളുണ്ട്. ഇത് പോലിസോ അല്ലെങ്കില്‍ അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടമോ ചെയ്തതാണെന്ന് ഉറപ്പാണ്..'' വിശ്വനാഥന്റെ സഹോദരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹത്തിന്റെ ചിത്രത്തില്‍ മര്‍ദ്ദനത്തിന്റെ മുറിവുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വിശ്വാസമില്ലെന്നും രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. എട്ടുവര്‍ഷത്തിന് ശേഷമാണ് ഒരു കുഞ്ഞുണ്ടായത്. ചെറിയ എന്തെങ്കിലും കാരണമാണെങ്കില്‍ പോലും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. വലിയ സന്തോഷത്തിലായിരുന്നു അവനും ഭാര്യയും. ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് മെഡിക്കല്‍ കോളജിലെത്തിയതെന്നും കുടുംബം ആവശ്യപ്പെട്ടു.
ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ലെന്നാണ് ഫോറന്‍സിക് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എസിപിക്ക് മൊഴി നല്‍കിയത്. കാല്‍മുട്ടിലും തുടയിലുമായി ആറ് ചെറിയ മുറിവുകളുണ്ട്. ഇത് മരത്തിന് മുകളിലേക്ക് കയറിയപ്പോഴുണ്ടായതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെയാണ് (46) ഫെബ്രുവരി 11ന് രാവിലെ മെഡിക്കല്‍ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനാണ് വയനാട്ടില്‍നിന്ന് വിശ്വനാഥനെത്തിയത്.