വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ട്രംപിന്റെ ഫ്‌ളോറിഡയിലെ ആഡംബര വസതിയായ മാര്‍ അലാഗോയിലാണ് എഫ്ബിഐ തിരച്ചില്‍ നടത്തിയത്. ട്രംപ് തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് കൊണ്ടുപോയ യുഎസ് പ്രസിഡന്റായ കാലത്തെ ചില ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു തിരച്ചില്‍. റെയ്ഡിനെതിരേ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. തിങ്കളാഴ്ച എഫ്ബിഐ ഏജന്റുമാര്‍ തന്റെ ഫ്‌ളോറിഡയിലെ മാര്‍ എലാഗോ എന്ന വസതിയില്‍ റെയ്ഡ് നടത്തുകയും സേയ്ഫുകള്‍ കുത്തിപ്പൊളിച്ചെന്നും ട്രംപ് ആരോപിച്ചു.
എഫ്ബിഐ അപ്രഖ്യാപിത റെയ്ഡ് നടത്തുകയാണ്. തന്റെ സുരക്ഷിതത്വത്തില്‍ പോലും സര്‍ക്കാര്‍ ഏജന്‍സികള്‍ അതിക്രമിച്ചുകയറി പകതീര്‍ക്കുകയാണെന്നും ട്രംപ് പ്രതികരിച്ചു. തന്റെ വീട് ഇപ്പോള്‍ ഉപരോധത്തിലാക്കിയാണ് അവര്‍ റെയ്ഡ് ചെയ്യുന്നത്. ഇത് കടന്നുകയറ്റമാണ്. ഇതുപോലെ ഒരു യുഎസ് പ്രസിഡന്റിനും മുമ്പ് സംഭവിച്ചിട്ടില്ല. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എന്റെ വീട്ടില്‍ ഈ അപ്രഖ്യാപിത റെയ്ഡ് ആവശ്യമില്ല. ഇത് നീതിന്യായ വ്യവസ്ഥയുടെ ആയുധവല്‍ക്കരണമാണ്.
2024 ല്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാരിക്കാന്‍ റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റുകളുടെ ആക്രണമാണ് റെയ്ഡ്. ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ നിന്ന് ഏകദേശം 15 പെട്ടി വൈറ്റ് ഹൗസ് രേഖകള്‍ കണ്ടെടുത്തതായി ഫെബ്രുവരിയില്‍ യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സ് ആന്റ് റെക്കോര്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കോണ്‍ഗ്രസിനെ അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, എന്തിനാണ് റെയ്ഡ് എന്നത് ട്രംപ് വ്യക്തമാക്കിയില്ല. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ട്രംപ് നേരിടുന്ന നിരവധി അന്വേഷണങ്ങളില്‍ ഒന്നാണ് രേഖകള്‍ കടത്തിയെന്ന ആരോപണം. അതേസമയം, റെയ്ഡ് സംബന്ധിച്ച് പ്രതികരിക്കാന്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിച്ചു.