മോദി കാലത്ത് സൈനികമരണത്തില്‍ വര്‍ധന; കശ്മീര്‍ കൂടുതല്‍ അശാന്തമായി

2002 ഫെബ്രുവരിയില്‍ 68 സൈനികര്‍ക്കാണ് കാശ്മീരില്‍ സായുധാക്രമണവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. 2014ല്‍ 41ഉം 2015ല്‍ 47ഉം സൈനികരാണ് ആകെ കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ സൈനികരാണ് കഴിഞ്ഞമാസം മാത്രം കൊല്ലപ്പെട്ടത്.

Update: 2019-03-05 05:13 GMT

ന്യുഡല്‍ഹി: 2002ന് ശേഷം സൈനികരുടെ മരണനിരക്ക് ഏറ്റവും ഉയര്‍ന്നത് കഴിഞ്ഞ ഫെബ്രുവരിയിലെന്ന് റിപോര്‍ട്ട്. കൂടാതെ മോദി ഭരണത്തില്‍ കശ്മീര്‍ കൂടുതല്‍ അശാന്തമായെന്നും ന്യൂസ്18 റിപോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം കാശ്മീരില്‍ കൊല്ലപ്പെട്ടത് 49 സുരക്ഷാ ഉദ്യോഗസ്ഥരെന്നാണ് റിപോര്‍ട്ട്. പുല്‍വാമയില്‍ 40 പേരും രത്‌നിപോറയിലും കശ്മീരിന്റെ മറ്റിടങ്ങളിലും 9പേരും കൊല്ലപ്പെട്ടു.

2002 ഫെബ്രുവരിയില്‍ 68 സൈനികര്‍ക്കാണ് കാശ്മീരില്‍ സായുധാക്രമണവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. 2014ല്‍ 41ഉം 2015ല്‍ 47ഉം സൈനികരാണ് ആകെ കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ സൈനികരാണ് കഴിഞ്ഞമാസം മാത്രം കൊല്ലപ്പെട്ടത്.

അതേസമയം, പത്തിലധികം സായുധരും ഒരു പൗരനും സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2019 ആദ്യമാസങ്ങളില്‍ തന്നെ സൈനികരുടെ മരണനിരക്ക് 51ല്‍ എത്തി നില്‍ക്കുകയാണ്. 2018ല്‍ ഒരു വര്‍ഷത്തെ സൈനികരുടെ മരണനിരക്ക് 95 ആണെന്നിരിക്കെ 2019 ആരംഭത്തില്‍ തന്നെ മരണനിരക്ക് പകുതിയായി കഴിഞ്ഞു.

അതേസമയം, സൈനികര്‍ക്കെതിരായ ആക്രമങ്ങള്‍ വര്‍ധിച്ചതായും റിപോര്‍ട്ട് പറയുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം മാത്രം മേഖലയിലുണ്ടായ തിരിച്ചടികളില്‍ അഞ്ചു സൈനികരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തേക്കാള്‍ സായുധാക്രമണങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് ശേഷമുള്ള കനത്ത ആക്രമണങ്ങള്‍ മോദി ഭരണത്തിലായ 2014 മുതല്‍ വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടലും വ്യക്തമാക്കുന്നു.

ആറ് വര്‍ഷത്തിനിടെ കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 285 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. 2012ല്‍ 117, 2013ല്‍ 181, 2014ല്‍ 189, 2015ല്‍ 175, 2016ല്‍ 267, 2017ല്‍ 357, 2018ല്‍ 451 എന്നിങ്ങനെയാണ് കണക്ക്.

കാശ്മീരില്‍ ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കുന്ന തെറ്റായ നയങ്ങളുടെ ഭാഗമായാണ് സൈനികര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവന്‍ നഷ്ടമാകുന്നത്. പുല്‍വാമ ആക്രമണത്തിലേത് പോലുള്ള സുരക്ഷാ വീഴ്ചയും മരണനിരക്ക് ഉയരാന്‍ ഇടയാക്കുന്നുണ്ടെന്നും കശ്മീരിലെ സംഘര്‍ഷങ്ങള്‍ നിരീക്ഷിക്കുന്ന ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടല്‍ അഭിപ്രായപ്പെടുന്നു.




Tags:    

Similar News