'കുറച്ചു പേര്‍ പോസിറ്റീവ് ആയി, ശരി; അതുകൊണ്ട് കൊവിഡിന് ഞങ്ങളാണോ ഉത്തരവാദി?': തബ്‌ലീഗ് അമീര്‍ മൗലാന സഅദ് ചോദിക്കുന്നു (അഭിമുഖം)
'ഫെബ്രുവരി അവസാനവും മാര്‍ച്ച് മാസം മുഴുവനും എത്ര സ്ഥലങ്ങളില്‍ വലിയ ഒത്തുചേരലുകള്‍ നടന്നു, അവയ്‌ക്കൊന്നും രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തമില്ലേ?'. തബ്‌ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദ് കാന്താലവി ചോദിക്കുന്നു.
മീററ്റ്: പോലിസുമായി സഹകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും മര്‍കസ് കെട്ടിടത്തില്‍ നടന്നിട്ടില്ലെന്നും തബ്‌ലീഗ് ജമാഅത്ത് അമീര്‍ മൗ ലാന സഅദ് തന്റെ അഭിഭാഷകന്‍ മുഖേന ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
* അനുമതിയില്ലാതെ നിങ്ങള്‍ ഇജ്തിമ സംഘടിപ്പിച്ചുവെന്നത് ശരിയാണോ?
മര്‍കസ് നിസാമുദ്ദീനില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളോടും ആരാധനാ കര്‍മ്മങ്ങളോടും കൂട്ടിചേര്‍ത്ത് പറഞ്ഞ് ഇജ്തിമ എന്ത് എന്ന് ആശയക്കുഴപ്പമുണ്ടാക്കരുത്. പൊതു സ്ഥലങ്ങളില്‍ നടക്കുന്ന ഒരു വലിയ സമ്മേളനമാണ് ഇജ്തിമ. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇത് നടക്കാറ്.
മര്‍കസ് നിസാമുദ്ദീന്‍ അടിസ്ഥാനപരമായി ഒരു മസ്ജിദാണ്, അതായത് ബംഗ്ലാവാലി മസ്ജിദ്. ഇവിടെ വര്‍ഷം മുഴുവനും സാധാരണ മതപ്രഭാഷണങ്ങള്‍ നടക്കാറുണ്ട്. ഒരു മസ്ജിദ് ആയതിനാല്‍, ആരാധനകള്‍ നടത്താനോ കെട്ടിടത്തിനുള്ളില്‍ മറ്റ് മതപ്രഭാഷണങ്ങള്‍ നടത്താനോ പ്രത്യേക അനുമതി തേടേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
* നിങ്ങള്‍ പോലിസ് അന്വേഷണത്തെ പിന്തുണയ്ക്കുന്നില്ല എന്നത് ശരിയാണോ?
ഇത് പൂര്‍ണ്ണമായും തെറ്റാണ്. അധികാരികളുമായി എല്ലാതരത്തിലും സഹകരിക്കേണ്ടത് അത്യാവശ്യമാണെന്നുതന്നെയാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും കരുതുന്നത്; ഇത് ഞങ്ങളുടെ നൂറുവര്‍ഷത്തെ ചരിത്രമാണ്. അന്വേഷണോദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലേ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഇതുവരെ ഡല്‍ഹി പോലിസില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച അറിയിപ്പുകള്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്.
* നിങ്ങള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് മൗനം പാലിക്കുന്നത്?
ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം, ഞാന്‍ സ്വയം ക്വറന്റെയ്‌നിലാണ്. എന്നെ സംബന്ധിച്ച വിവരങ്ങളും ഞാന്‍ എവിടെയാണെന്നും പോലിസിന് അറിയാം. ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അത്ര പിരിചിതരല്ല. മാധ്യമ കാംപയിന്‍ നടത്തുന്നതില്‍ വിദഗ്ധരുമല്ല.
അതിനാല്‍ ഞങ്ങളെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ എല്ലാവരിലേക്കും എത്തിയിട്ടില്ലായിരിക്കാം, പക്ഷേ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. രോഗ പ്രതിരോധത്തിനായി അധികൃതരുമായി സഹകരിക്കാനും നി4ദേശിച്ചു. പരിശോധന നടത്താനും ആവശ്യമെങ്കില്‍ ക്വാറന്റെയ്ന്‍, ഐസൊലേഷന്‍ എന്നിവയ്ക്ക് വിധേയരാകാനും നിര്‍ദേശം നല്‍കിയിട്ടു ണ്ട്.
* ജമാഅത്തിന് കണക്കില്‍ പെടാത്ത വിദേശ ധനസഹായം എത്തുന്നതിനെ കുറിച്ച്? ഇക്കാര്യത്തില്‍ ഇ.ഡി നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടല്ലോ
ഈ ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതവും തെറ്റായതുമാണ്. മര്‍കസില്‍ ഇതുവരെ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെ സൂക്ഷിക്കും. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല; അത്തരം ആരോപണങ്ങളെല്ലാം മാധ്യമങ്ങളില്‍ മാത്രമേ നിലനില്‍ക്കുന്നൊള്ളു. എല്ലാ ആരോപണങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ട്, എന്നാല്‍ ആരോപണം എന്താണെന്ന് ആദ്യം എന്നെ അറിയിക്കണം.
* ചില വിദേശ ജമാഅത്തുകാര്‍ ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിക്കപ്പെടുന്നു. എന്തുകൊണ്ടാണ് മര്‍കസ് അത് സംഭവിക്കാന്‍ അനുവദിച്ചത്?
ഒരേ അനുമതിയോടെ പതിറ്റാണ്ടുകളായി ആളുകള്‍ ഈ രീതിയില്‍ നമ്മുടെ രാജ്യത്തേക്ക് വരുന്നുണ്ട്, അധികാരികള്‍ ഇത് ഒരിക്കലും ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിച്ചിട്ടില്ല. മര്‍കസ് നിസാമുദ്ദീനില്‍ വിദേശികളുടെ സാന്നിധ്യം ഞങ്ങള്‍ എല്ലായ്‌പ്പോഴും പോലിസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്; പതിറ്റാണ്ടുകളായി ഇത് തുടരുന്നു. എന്റെ പരിമിതമായ ധാരണയില്‍, ഇത് വിസ നിയമത്തിന്റെ ലംഘനമായി ഞാന്‍ മനസിലാക്കിയിട്ടില്ല. മര്‍കസ് ഒരു വിദേശിയേയും ക്ഷണിക്കുകയോ വിദേശികള്‍ക്കായി ഒരു വിസയും സ്‌പോണ്‍സര്‍ ചെയ്യുകയോ ചെയ്യുന്നില്ല.
* ഇന്ത്യയില്‍ രോഗം പടര്‍ന്നതില്‍ മര്‍കസിന് ഉത്തരവാദിത്തമില്ലേ?
കുറച്ച് അംഗങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായി കണ്ടത് നിര്‍ഭാഗ്യകരമാണ്, പക്ഷേ ഭൂരിഭാഗം തബ്‌ലീഗ് അംഗങ്ങളും നെഗറ്റീവാണല്ലോ; എന്നിട്ടും മര്‍കസിനെ 'രോഗവ്യാപനത്തിന് ഉത്തരവാദിയായി കാണുന്നുണ്ടോ? ഈ ചോദ്യം നിങ്ങള്‍ നിരന്തരം നിങ്ങളോട് തന്നെ ചോദിക്കണം ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് എപ്പോഴാണ്; അപ്പോള്‍ എന്ത് നടപടികളാണ് സ്വീകരിച്ചത്? ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് മുഴുവനും മറ്റ് എത്ര സ്ഥലങ്ങളില്‍ കൂടുതല്‍ വലിയ ഒത്തുചേരലുകള്‍ നടന്നു, അവയ്‌ക്കൊന്നും രോഗ വ്യാപനത്തിന്റെ ഉത്തരവാദിത്തമില്ലേ?
* കൊവിഡിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ പരിപാടി റദ്ദാക്കാതിരുന്നത്?
മാര്‍ച്ചില്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത ഒരു പരിപാടി ഉണ്ടായിരുന്നു, പങ്കെടുക്കുന്നവര്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് നേരത്തെതന്നെ എത്തിത്തുടങ്ങി. ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് പകുതി വരെ എല്ലാം സാധാരണപോലെ നടക്കുകയായിരുന്നു. ജനത കര്‍ഫ്യൂ നടന്നയുടനെ ഞങ്ങള്‍ പരിപാടികള്‍ നിര്‍ത്തിവയ്ക്കുകയും പങ്കെടുക്കുന്നവരെ ഒഴിപ്പിക്കുകയും ചെയ്തല്ലോ.
* നിരവധി മുസ്‌ലിം നേതാക്കള്‍ തബ്‌ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ?
അത്തരം ഒരു ആവശ്യത്തെക്കുറിച്ചും എനിക്കറിയില്ല. കൊവിഡ് 19 പോസിറ്റീവായി പിന്നീട് സുഖം പ്രാപിച്ച രോഗികളുടെ പ്ലാസ്മ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് എന്നെ ആരോ അറിയിച്ചിട്ടുണ്ട്. രോഗബാധിതരായ ഏതു ജാതിയിലും മതത്തിലും പെട്ട ആളുകള്‍ക്ക് സ്വന്തം പ്ലാസ്മ ദാനം ചെയ്യാന്‍ രോഗം ഭേദമായ എന്റെ തബ്‌ലീഗ് സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
(വിവ: റസാഖ് മഞ്ചേരി)
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്.