ഗംഗാ ജലം കുടിക്കാനും കുളിക്കാനും യോഗ്യമല്ല: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഉത്തര്‍പ്രദേശ് മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള നദിയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും വെള്ളം നേരിട്ട് കുടിക്കാന്‍ യോഗ്യമല്ലെന്നും അണുനശീകരണത്തിനു ശേഷം ഏഴിടങ്ങളില്‍നിന്നുള്ള ജലം കുടിക്കാമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏറ്റവുമൊടുവില്‍ പുറത്തു വിട്ട മാപ്പ് വ്യക്തമാക്കുന്നു.

Update: 2019-05-30 10:47 GMT
ഗംഗാ ജലം കുടിക്കാനും കുളിക്കാനും യോഗ്യമല്ല:  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഉത്തര്‍പ്രദേശ് മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള നദിയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും വെള്ളം നേരിട്ട് കുടിക്കാന്‍ യോഗ്യമല്ലെന്നും അണുനശീകരണത്തിനു ശേഷം ഏഴിടങ്ങളില്‍നിന്നുള്ള ജലം കുടിക്കാമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏറ്റവുമൊടുവില്‍ പുറത്തു വിട്ട മാപ്പ് വ്യക്തമാക്കുന്നു.

18 ഇടങ്ങളിലെ വെള്ളം കുളിക്കാന്‍ യോഗ്യം


ഗംഗയിലെ 18 ഇടങ്ങളില്‍നിന്നുള്ള വെള്ളം കുളിക്കാന്‍ യോഗ്യമാണെന്നും 62 ഇടങ്ങളിലുള്ള വെള്ളം അയോഗ്യമാണെന്നും ഡാറ്റ പറയുന്നു. ഗംഗ ഒഴുകുന്ന 86 ഇടങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളിലൂടെ വെള്ളത്തിന്റെ ഗുണം നിലവാരമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

ക്ലാസ് എ, ക്ലാസ് ബി കാറ്റഗറി


കുളിക്കാനും കുടിക്കാനും യോഗ്യമായ വെള്ളമുള്ള ഇടങ്ങളെ ക്ലാസ് എ, ക്ലാസ്സ് ബി എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്.

ഗംഗോത്രിയിലെ ഭാഗീരഥി, രുദ്രാപ്രയാഗ്, ദേവപ്രയാഗ്, റായ് വേല ഉത്തര്‍ഖണ്ഡ്, ഋഷികേശ്, ബിജ്‌നോര്‍, പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ എന്നിവയാണ് അണുനശീകരണം നടത്തിയ ശേഷം കുടിക്കാന്‍ യോഗ്യമായ വെള്ളം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍. ഇവയെ ക്ലാസ് എ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.ഗംഗോത്രിയിലെ ഭാഗീരഥി, രുദ്രപ്രയാഗ്, ദേവപ്രയാഗ്, റായ് വാലാഉത്തര്‍ഖണ്ഡ്, ഋഷികേശ്, ബിജ്‌നോര്‍, അലിഗഡ് എന്നിവയോടൊപ്പം പശ്ചിമ ബംഗാളിലെ നാല് ഇടങ്ങള്‍ കുളിക്കാന്‍ യോഗ്യമായ വെള്ളമുള്ള ക്ലാസ് ബിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗംഗാ നദി ശുദ്ധീകരിക്കാനുള്ള വിവിധ പദ്ധതികളും ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ കടുത്ത നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും നദി ഇപ്പോഴും മലിനമായി തുടരുകയാണ്.

ഗംഗയെ മലിനമാക്കുന്നത് ഇവയാണ്


വ്യവസായ മാലിന്യവും ഓടവെള്ളവുമാണ് ഗംഗയെ മലിനമാക്കുന്നത്.നദീ മലിനീകരണത്തിന്റെ 30 ശതമാനവും വ്യവസായ മാലിന്യത്തിലൂടെയാണ്.ബാക്കി മുഴുവന്‍ അഴുക്കുജലമാണ്. മലിനജലം പുറത്തു വിടുന്ന 1100 വ്യവസായ യൂണിറ്റുകളാണ് ഗംഗാ നദി തീരത്തുള്ളത്. ഇന്ന് അവയിലൊന്ന് പോലും നദിയിലേക്ക് മലിനജലം പുറന്തള്ളുന്നില്ലെന്ന് പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി സി കെ മിശ്ര പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഇതൊന്നും പോരെന്നും പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ഗംഗാ നദിയുമായി ബന്ധപ്പെട്ട് നിരവധി വിവരാവകാശ അപേക്ഷ നല്‍കിയിട്ടുള്ള വിക്രാന്ത് ത്യാഗി പറഞ്ഞു.

Tags:    

Similar News