ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയുടെ നയങ്ങളുടെ അനന്തരഫലമാണെന്ന് ആരോപിച്ച റിട്ട. മേജര്‍ ജനറല്‍ ജി ഡി ബക്ഷിയുടെ ആരോപണം തെറ്റാണെന്ന് തെളിയിച്ച് ആള്‍ട്ട് ന്യൂസ്. കഴിഞ്ഞദിവസം രജത് ശര്‍മ ചീഫ് എഡിറ്ററായ ഇന്ത്യാ ടിവിയില്‍ പുല്‍വാമ ആക്രമണത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ബക്ഷി മുഫ്ത്തിയെ കുറ്റക്കാരിയായി ആരോപണം നടത്തിയത്.
2014ല്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്ത്തി സൈനിക ചെക്പോസ്റ്റുകള്ക്കെതിരേ നടത്തിയ നീക്കമാണ് പുല്‍വാമയില്‍ 30 സൈനീകര്‍ക്ക് ജീവന് നഷ്ടമാകാനിടയായതെന്നാണ് ബക്ഷി പറഞ്ഞത്.
തുടര്‍ന്ന് രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പുതുച്ചേരി ഗവര്‍ണറായ കിരണ്‍ ബേദിയടക്കം നിരവധി സംഘപരിവാര സഹയാത്രികള്‍ ട്വീറ്റ് ചെയ്തു. വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഈ ആരോപണം ഷെയര്‍ ചെയ്തതോടെയാണ് ആള്‍ട്ട് ന്യൂസ് ഇതിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്.
Full View
സ്ഫോടനവസ്തുകള് നിറച്ച കാര്‍ എങ്ങനെ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് വാഹനവ്യൂഹത്തില്‍ ഇടിച്ചുവെന്ന ചോദ്യത്തിന് ബക്ഷി ഉത്തരം പറഞ്ഞതിങ്ങനെ...
ബോംബ് നിറച്ച ഒരു വാഹനം യാതൊരുവിധ പരിശോധനകളും കൂടാതെ വാഹനവ്യൂഹത്തിനടുത്തെത്താന് കാരണം മെഹ്ബൂബ മുഫ്ത്തിയുടെ ഭരണകാലത്ത് നടന്ന ഒരു സംഭവമാണ്. ബക്ഷി തുടരുന്നു. സുരക്ഷാ സേന ചെക്ക്പോസ്റ്റില്‍ തടഞ്ഞുവച്ച ഒരു കശ്മീരി പൗരന് സേനയുടെ മുന്നറിയിപ്പ് ലംഘിച്ച് ചെക്ക് പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ചു. പരിഭ്രാന്തരായ സൈനികന് ഇയാള്‍ക്കെതിരേ വെടിയുതിര്‍ത്തു. അദ്ദേഹം മരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വന്‍ പ്രക്ഷോഭം ഉണ്ടായി. വിഷയത്തില്‍ മെഹ്ബൂബ മുഫ്ത്തിയുടെ ഇടപെടലുകള്‍ക്ക് അവസാനം വെടിയുതിര്‍ത്ത ജവാനെ തിഹാര്‍ ജയിലേക്ക് അയച്ചെന്നും ചെക്ക് പോസ്റ്റുകള്‍ മാറ്റാന്‍ അന്നത്തെ സൈനികമേധാവി ജനറല്‍ ഹൂഡ ഉത്തരവ് നല്‍കിയെന്നുമാണ് ബക്ഷി ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. ഇത്തരം നടപടികള്‍ വരുമെന്നുള്ളതിനാല്‍ ആരെങ്കിലും സുരക്ഷാ പരിശോധനയ്ക്ക് ഏര്‍പ്പെടുമോയെന്ന് രജത് ശര്മയോടായി ബക്ഷി മറുചോദ്യം ഉന്നയിച്ചു. അന്ന് മുഫ്ത്തി അത്തരമൊരു നയനിലപാട് എടുത്തില്ലായിരുന്നെങ്കില്‍ കാര്‍ പരിശോധനയ്ക്ക് വിധേയമാവുകയും ജവാന്മാരുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രണ്ടു ആരോപണങ്ങളായിരുന്നു
1. ബുദ്ഗാം വെടിവയ്പ്പ് സമയത്ത് കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നത് മെഹ്ബൂബ മുഫ്ത്തിയെന്നുള്ളത്
2. കശ്മീരി പൗരന് നേരെ വെടിയുതിര്‍ത്ത സൈനീകന് ജയില്‍ ശിക്ഷ നല്‍കിയെന്നത്
ആരോപണം പൊളിയുന്നു...
1. സംഭവം നടക്കുന്ന 2014ല്‍ കശ്മീര്‍ മുഖ്യമന്ത്രി നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഉമര്‍ അബ്ദുല്ലയാണ് മെഹ്ബൂബ മുഫ്ത്തിയല്ല. അദ്ദേഹം സൈനീക ചെക് പോസ്റ്റുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഉത്തരവും നല്‍കിയിട്ടുമില്ല. 2016ലാണ് മെഹ്ബൂബ മുഫ്ത്തി അധികാരത്തിലേറുന്നത്. സംഭവത്തെതുടര്‍ന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി ചര്‍ച്ച നടത്തി എന്നതടക്കമുള്ള വിവരങ്ങള്‍ ഉമര്‍ അബ്ദുള്ളയും സംഭവത്തെ അപലപിച്ച് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2. ബുദ്ഗാം സംഭവത്തില്‍ ഒരു സൈനികനും സൈനികശിക്ഷണത്തിന് വിധേയമായിട്ടില്ലെന്ന് അന്നത്തെ ലഫ്. ജനറല്‍ ഡി എസ് ഹൂഡയുടെ തുറന്നുപറച്ചില്‍ ദ ക്വിന്റ് വെളിപ്പെടുത്തുന്നു. സൈനികനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്ന എന്നതൊഴിച്ചാല്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കിയിട്ടില്ല ഒരു സൈനികനെയും അദ്ദേഹം പറയുന്നു.
പരിശോധയില്ലാതെ ഒരു വാഹനത്തെയും കടത്തിവിടരുതെന്ന ഉത്തരവ് യഥാര്‍ഥത്തില്‍ ഒരു സര്‍ക്കാരും മാറ്റം വരുത്തിയിട്ടില്ല. ബക്ഷിയുടെ ആരോപണത്തിന്റെ മുനയൊടുക്കുന്നതാണ് ആള്‍ട്ട് ന്യൂസിന്റെ ഇടപെടല്‍.