ഓച്ചിറയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി
മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലിസിന്റെ ഷാഡോ സംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി സിപിഎം മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലം: ഓച്ചിറയില്‍നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിനിയായ നാടോടി പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലിസിന്റെ ഷാഡോ സംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി സിപിഎം മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും എത്രയുംവേഗം കേരളത്തിലേക്ക് കൊണ്ടുവരാനാണ് പോലിസിന്റെ തീരുമാനം. ഒമ്പതുദിവസം മുമ്പാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത്.
ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടിയും റോഷനും മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബംഗളൂരുവിലേക്കാണ്. അവിടെ രണ്ടുദിവസം താമസിച്ചു. അതിനുശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്. നിരന്തരം യാത്രചെയ്യുകയായിരുന്നതിനാല്‍ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പോലിസ് പറയുന്നത്. ബൈക്ക് വിറ്റ് 80,000 രൂപ മുഹമ്മദ് റോഷന്റെ കൈയിലുണ്ടായിരുന്നു. രണ്ടുപേരും ഫോണ്‍ ഉപയോഗിക്കാതിരുന്നതും പോലിസിനെ കുഴക്കി. പലപ്പോഴും യാത്രചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍നിന്ന് ഫോണ്‍ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.
നാട്ടിലേക്ക് ഇവര്‍ വിൡച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പോലിസ് മുംബൈയിലെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യപരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരിക. നാടോടി സംഘത്തില്‍പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്ത് വന്‍ കോളിളക്കമാണുണ്ടാക്കിയത്. പ്രതിഭാഗത്ത് സിപിഎം നേതാവിന്റെ മകനായതിനാല്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇതിനോടകം പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.