പെട്രോളിനും ഡീസലിനും വില കൂട്ടി; ഇരുട്ടടി ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കെ

പുതിയ നീക്കത്തിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Update: 2020-03-14 05:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ നില്‍ക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.

പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലമുള്ള നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയില്‍ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു.

റോഡ് സെസ് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതവും കൂട്ടി. ഇതോടെ റോഡ് സെസ് 10 രൂപയായി ഉയര്‍ന്നു. 2008ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ക്രൂഡോയിലിന് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലുള്ളത്. പുതിയ നീക്കത്തിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനുവരിയില്‍ ബാരലിന് 60 ഡോളര്‍ വിലയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ വെറും 31 ഡോളര്‍ മാത്രമാണ്. 

Tags:    

Similar News