ക്വാറികളുടെ ദൂരപരിധി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

സംസ്ഥാന സര്‍ക്കാരിന്റെ നയം തെറ്റെന്നാണ് പുതിയ ദൂരപരിധി നിശ്ചയിച്ചതിലൂടെ ദേശീയ ഹരിത ടിബ്യൂണല്‍ വ്യക്തമാക്കിയത്.

Update: 2020-07-25 08:44 GMT

തിരുവനന്തപുരം: ക്വാറികള്‍ക്ക് ദൂരപരിധി ഇളവുനല്‍കിയ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനാണ് തിരിച്ചടിയായത്. സ്‌ഫോട വസ്തുക്കള്‍ പൊട്ടിക്കുന്ന ക്വാറികളും പൊതു സ്ഥലങ്ങളുമായി ചുരുങ്ങിയത് 200 മീറ്റര്‍ അകലം വേണമെന്നും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്ന ക്വാറികള്‍ക്കും ചുരുങ്ങിയത് 100 മീറ്റര്‍ ദൂരപരിധി ഉണ്ടായിരിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

ദേശീയ മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് തീരുമാനം. ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ ചെയര്‍മാനും എസ് പി വാങ്ഡി ജൂഡീഷ്യല്‍ അംഗവും ഡോ.നാഗിന്‍ നാഗിന്ദ, വിദഗ്ധ അംഗവുമായ കോടതിയുടേതാണ് ഉത്തരവ്. ദൂരപരിധി 50 മീറ്റര്‍ ആക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് മലയാളിയായ ഹരിദാസനാണ് ഹര്‍ജി നല്‍കിയത്. ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കണമെന്നാണ് നിര്‍ദേശം.

വീടുകളില്‍ നിന്ന് പോലും 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാമെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നയം തെറ്റെന്നാണ് പുതിയ ദൂരപരിധി നിശ്ചയിച്ചതിലൂടെ ദേശീയ ഹരിത ടിബ്യൂണല്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത്തരത്തില്‍ നിരവധി ക്വാറികള്‍ക്ക് സംസ്ഥാനം ലൈസന്‍സ് നകിയിരുന്നു. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവോടെ ദൂരപരിധി പാലിക്കാത്ത ക്വാറികള്‍ അടച്ചുപൂട്ടേണ്ടി വരും.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കേരളത്തിന്റെ നയം അപര്യാപ്തമെന്ന വിലയിരുത്തലോടെയാണ് ദൂര പരിധിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ തിരുത്തിയത്. കേരളത്തില്‍ 100 മീറ്ററായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന ദുരപരിധി. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് 50 മീറ്ററാക്കി കുറച്ച് പുതിയ ഉത്തരവിറക്കിയത്. ക്വാറികള്‍ വ്യവസായമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. രണ്ട് പ്രളയങ്ങള്‍ക്ക് ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറായിരുന്നില്ല.  

Tags:    

Similar News