ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; വോട്ടെടുപ്പ് ഡിസംബര്‍ 1, 5 തിയ്യതികളില്‍, വോട്ടെണ്ണല്‍ എട്ടിന്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യഘട്ടം വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4.9 കോടി വോട്ടര്‍മാര്‍ക്കായി 51,782 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കുന്നത്.
കഴിഞ്ഞ തവണ ഒറ്റഘട്ടമായിരുന്നു തിരഞ്ഞെടുപ്പ്. ഗുജറാത്ത് നിയമസഭയുടെ കാലാവധി കഴിയുന്നതിന് 110 ദിവസം മുമ്പാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി 18നാണ് നിയമസഭയുടെ കാലാവധി കഴിയുന്നത്. അതിനാല്‍, പ്രഖ്യാപനം വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മീഷന്റെ വാദം. കഴിഞ്ഞ 25 കൊല്ലമായി ബിജെപി ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണെങ്കിലും ഇത്തവണ ബിജെപിക്ക് വെല്ലുവിളികളേറെയാണ്.
135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലം ദുരന്തം മുഖ്യവിഷയമായി ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രചാരണം. ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി ജനുവരി 8 ന് കഴിയും. ശൈത്യകാലം ശക്തമാവാന്‍ സാധ്യതയുള്ളതിനാലാണ് അവിടെ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതെന്നും കമ്മീഷന്‍ വിശദീകരിച്ചു. കളിയില്‍ തോറ്റ ടീം അമ്പയറെ കുറ്റം പറയുന്നത് പോലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളെന്ന് മുഖ്യതിതരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഹസിച്ചു.