ഗ്യാന്‍വാപി, ജനസംഖ്യാ നിയന്ത്രണം: മോഹന്‍ ഭാഗവതുമായി മുസ് ലിം 'പ്രമുഖര്‍' നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Update: 2022-09-21 10:12 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ഒരു കൂട്ടം 'പ്രമുഖ' മുസ് ലിം വ്യക്തികളും ആഗസ്റ്റ് അവസാനം ഡല്‍ഹിയിലെ ഝണ്ഡേവാലനിലെ കേശവ് കുഞ്ചിലുള്ള ആര്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടന്നതായി റിപോര്‍ട്ട്.

അലിഗഡ് മുസ് ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട) സമീര്‍ ഉദ്ദീന്‍ ഷാ, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, രാഷ്ട്രീയ ലോക്ദള്‍ മുന്‍ വൈസ് ഗവര്‍ണര്‍ ഷാഹിദ് സിദ്ദിഖി, വ്യവസായി സയീദ് ഷെര്‍വാണി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മോഹന്‍ ഭാഗവതിനൊപ്പം ആര്‍എസ്എസിലെ സഹ സര്‍കാര്യവാഹ് കൃഷ്ണ ഗോപാലും യോഗത്തില്‍ പങ്കെടുത്തു.

ഉദയ്പൂരിലെ കൊലപാതകത്തിനു ശേഷമാണ് ആര്‍എസ്എസ് മുസ് ലിം സമുദായത്തെ വരുതിയിലാക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഇതിനുവേണ്ടി നിരവധി മുസ് ലിം നേതാക്കളെ സമീപിച്ചു. വേദ് പ്രതാപ് വൈദിക് ആയിരുന്നു ഇടനിലക്കാരന്‍. അദ്ദേഹം നിരവധി മുസ് ലിം നേതാക്കളെയും മുസ് ലിം സംഘടനാ തലവന്മാരെയും ബന്ധപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങളെ അപലപിച്ച് ഒരു വാര്‍ത്താസമ്മേളനവും ആലോചനയിലുണ്ട്.

നൂപുര്‍ ശര്‍മ്മ എപ്പിസോഡുകള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച ആസൂത്രണം ചെയ്തതെന്ന് ഉറുദു ദിനപത്രമായ ഇന്‍ക്വിലാബ് റിപോര്‍ട്ട് ചെയ്തു.

ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ ഗ്യാന്‍വാപി സംഘര്‍ഷം, വിദ്വേഷ കുറ്റകൃത്യങ്ങള്‍, ജനസംഖ്യാ നിയന്ത്രണം തുടങ്ങി നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

മുസ് ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിച്ച് വര്‍ഗീയ വിഭജനനീക്കങ്ങളെ ചെറുക്കുകയായിരുന്നുവത്രെ ലക്ഷ്യം- സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ച് ഇന്‍ക്വിലാബ് റിപോര്‍ട്ടില്‍ പറയുന്നു.

മാധ്യമങ്ങളെ പരമാവധി ഒഴിവാക്കിക്കൊണ്ടായിരുന്നു കൂടിക്കാഴ്ച നടന്നത്.

രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും യോഗത്തില്‍ പോയത് അതുകൊണ്ടാണെന്നും പേര് വെളിപ്പെടുത്താത്ത മറ്റൊരാള്‍ പറഞ്ഞു.

മോഹന്‍ ഭാഗവത് നിരവധി വിഷയങ്ങളിലുളള തന്റെ കാഴ്ചപ്പാടുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

മുസ് ലിംകളും ഇസ് ലാമും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് അഭിപ്രായപ്പെട്ട മോഹന്‍ ഭാഗവത് മുസ് ലിംകള്‍ ഹിന്ദുക്കളെ കാഫിറുകള്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

മുഹമ്മദ് നബിയുടെ കാലത്ത് ഈ പദം ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഉപയോഗിച്ചിരുന്നുവെന്നും അത് ഇന്നത്തെ ഹിന്ദുക്കളെ സംബന്ധിച്ചല്ലെന്നും യോഗത്തിനെത്തിയ ഒരംഗം വ്യക്തമാക്കി.

മുസ് ലിംകളും ആര്‍എസ്എസും തമ്മിലുള്ള വിടവ് നികത്താന്‍, മുസ് ലിംകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതൊരു തുടക്കം മാത്രമാണെന്നും 'മുസ്‌ലിം ബുദ്ധിജീവികളുടെ' ഒരു വലിയ സമ്മേളനം പിന്നീട് ആസൂത്രണം ചെയ്യുമെന്നും ഭാഗവത് പറഞ്ഞു.

Tags:    

Similar News