'ദി കേരളാ സ്റ്റോറി' പ്രദര്‍ശനത്തിന് ഹൈക്കോടതി അനുമതി; ചരിത്രസിനിമയല്ല, സാങ്കല്‍പ്പിക കഥയെന്നും നിരീക്ഷണം

Update: 2023-05-05 09:01 GMT
ദി കേരളാ സ്റ്റോറി പ്രദര്‍ശനത്തിന് ഹൈക്കോടതി അനുമതി; ചരിത്രസിനിമയല്ല, സാങ്കല്‍പ്പിക കഥയെന്നും നിരീക്ഷണം

കൊച്ചി: വിവാദമായ 'ദി കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് എന്‍ നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സിനിമയുടെ ടീസറും ട്രെയിലറും കോടതി മുറിയില്‍ കണ്ട ശേഷം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. കെട്ടുകഥകളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച് സാമൂഹികാന്തരീക്ഷം തകര്‍ക്കുന്ന സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുകൂട്ടം ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കമ്പനിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് വിവാദമായ ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മാണ കമ്പനിയായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കല്‍പിക കഥയാണെന്ന് ഉള്‍പ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്മറില്‍ ഉണ്ടെന്ന് കമ്പനി അറിയിച്ചു.

    അതേസമയം, 'ദി കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതരസ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാങ്കല്‍പിക ചിത്രമാണത്. ചരിത്രസിനിമയല്ല. നവംബറിലാണ് ടീസര്‍ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴാണെന്നും കോടതി പറഞ്ഞു. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു. ഹരജിയില്‍ ഇന്നലെ പ്രത്യേക സിറ്റിങ് നടത്തണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശികളായ അഡ്വ. വി ആര്‍ അനൂപ്, തമന്ന സുല്‍ത്താന, നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവരാണു കഴിഞ്ഞ ദിവസം ഹര്‍ജികള്‍ നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ വി മുഹമ്മദ് റസാഖ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ശ്യാം സുന്ദര്‍ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രം തടയണമെന്ന ഹരജികള്‍ തള്ളണമെന്ന് സെന്‍സര്‍ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന അവകാശവാദം സിനിമയിലില്ല. സിനിമയില്‍ ഇക്കാര്യം ഇല്ലാത്തതിനാല്‍ ടീസറില്‍ പ്രസക്തിയില്ല. ഒരുമതത്തെയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയത്.

    വിവാദ സിനിമയുടെ പ്രദര്‍ശനം ചോദ്യം ചെയ്ത് നല്‍കിയ ഹരജി കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രിം കോടതി മടക്കിയിരുന്നു. ഹൈക്കോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വീണ്ടും തിരിച്ചയച്ചത്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ അരവിന്ദാക്ഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. അതിനിടെ, 'ദി കേരള സ്‌റ്റോറി'യുടെ സംവിധായകനും നിര്‍മാതാവിനുമെതിരേ മതവിദ്വേഷത്തിനു കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഡിജിപിക്കു പരാതി നല്‍കിയിരുന്നു. കേരളത്തിനെതിരേ വ്യാജ പ്രചാരണം നടത്താനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മന്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

Tags: