ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ഇംറാന്‍ ഖാന്‍

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വര്‍ധിക്കുകയാണെങ്കില്‍ തനിക്കോ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കോ തടഞ്ഞുനിര്‍ത്താനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2019-02-27 11:56 GMT

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കശ്മീരില്‍ പാകിസ്താനുമായുള്ള ആക്രമണത്തിനിടെ വിങ് കമാന്റര്‍ നഷ്ടമായ കാര്യം ഇന്ത്യ സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ചര്‍ച്ചയ്ക്കു തയ്യാറെന്ന് പ്രഖ്യാപിച്ച് പാകിസ്താന്‍ എത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വര്‍ധിക്കുകയാണെങ്കില്‍ തനിക്കോ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കോ തടഞ്ഞുനിര്‍ത്താനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. യുദ്ധത്തിന്റെ കെടുതികള്‍ തനിക്കറിയാം. അത് ഒന്നിനും പരിഹാരമല്ല. തെറ്റായ പ്രചാരണങ്ങളുടെ പേരില്‍ യുദ്ധം തുടങ്ങി വയ്ക്കരുതെന്നും ഇംറാന്‍ ഖാന്‍ പ്രതികരിച്ചു.

അതേസമയം, പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതുമെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചത്. കുടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നും അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ പൈലറ്റ് സംസാരിക്കുന്നു എന്ന പേരില്‍ ഒരു മൊബൈല്‍ വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടിട്ടുണ്ട്. റേഡിയോ പാകിസ്താന്‍ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്താന്‍ ഒരു സൈനികന്റെ വീഡിയോ പുറത്തുവിട്ടത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയില്‍ സംസാരിക്കുന്നത്.

Tags:    

Similar News