ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം; ആദ്യ ശിക്ഷാവിധിയില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവ്

ദിനേശ് യാദവ് എന്നയാളെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഡല്‍ഹി കലാപക്കേസില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് ദിനേശ് യാദവ്. തടവിന് പുറമെ 12000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Update: 2022-01-20 09:43 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു. ദിനേശ് യാദവ് എന്നയാളെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഡല്‍ഹി കലാപക്കേസില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് ദിനേശ് യാദവ്. തടവിന് പുറമെ 12000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ശിക്ഷയുടെ വിശദമായ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.73 വയസുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സംഭവങ്ങളില്‍ ദിനേശ് യാദവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. ഗോകുല്‍പുരിയിലെ ഭഗീരഥി വിഹാറില്‍ താമസിക്കുന്ന മനോരി എന്ന 73 കാരിയുടെ വീടാണ് ഇയാളുടെ നേതൃത്വത്തില്‍ കത്തിച്ചത്.2020 ഫെബ്രുവരി 25ന് ഇരുനൂറോളം വരുന്ന കലാപകാരികള്‍ തന്റെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വീട്ടിലെ മറ്റ് അംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ട് പോലിസ് ഉദ്യോഗസ്ഥരുടെ മൊഴിയും കോടതി പരിഗണിച്ചു. പ്രതി ദിനേശ് യാദവ് അക്രമിസംഘത്തിലുണ്ടായിരുന്നെന്നും എന്നാല്‍ വീട് കത്തിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നുമായിരുന്നു പോലിസ് കോടതിയെ അറിയിച്ചത്.

അക്രമിസംഘത്തിന്റെ കൂടെയുള്ളയാളാണെങ്കില്‍ വീട് കത്തിച്ചതിനും ഇയാള്‍ ഉത്തരവാദിയായി കണക്കാക്കാമെന്ന് ഡല്‍ഹി കര്‍കര്‍ദൂമ കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 25ന് കുടുംബം വീട്ടിലില്ലാത്ത സമയത്ത് 150 മുതല്‍ 200 വരെ കലാപകാരികളായ ഒരു ജനക്കൂട്ടം തന്റെ വീട് ആക്രമിക്കുകയും വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് മനോരിയുടെ പരാതി.

തന്റെ ജീവന്‍ രക്ഷിക്കാന്‍ വീടിന്റെ മുകളില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിതയായതും അയല്‍വാസിയുടെ വീട്ടില്‍ ഒളിക്കേണ്ടിവന്നതിനെക്കുറിച്ചും മനോരി കോടതിക്ക് മുമ്പാകെ വിശദീകരിച്ചിരുന്നു.

Tags:    

Similar News