മിഗ് വിമാനം നഷ്ടമായി, വിങ് കമാന്ററെ കാണാനില്ല: സ്ഥിരീകരിച്ച് ഇന്ത്യ

Update: 2019-02-27 10:29 GMT

ന്യൂഡല്‍ഹി: വ്യോമസേനയുടെ മിഗ് 21 വിമാനം നഷ്ടമായെന്നും ഒരു വിങ് കമാന്റര്‍ തിരിച്ചെത്തിയിട്ടില്ലെന്നും സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് പാകിസ്താനുമായുള്ള ആക്രമണത്തിനിടെ വിങ് കമാന്ററെ നഷ്ടമായ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതും.വളരെ ചുരുങ്ങിയ വാക്കുകളില്‍ എഴുതി തയ്യാറാക്കിയ വിശദീകരണ കുറിപ്പാണ് വാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്. കുടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. വ്യോമസേനയുടെ പ്രതിനിധി എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പാക് സേനാ വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്‌തെന്നും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, പാകിസ്താന്‍ അതിര്‍ത്തി കടന്നുകയറാന്‍ ശ്രമിച്ചതില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Tags:    

Similar News