അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ; സൈനിക തല ചര്‍ച്ച നീണ്ടത് 11 മണിക്കൂറോളം

ഇരുരാജ്യങ്ങളിലേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്മാറ്റത്തിന് കളമൊരുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2020-06-23 09:15 GMT

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായതായി റിപോര്‍ട്ട്. ഇരുരാജ്യങ്ങളിലേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്മാറ്റത്തിന് കളമൊരുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്. ഇന്നലെ രാവിലെ 11.30 ഓടെ ആരംഭിച്ച ചര്‍ച്ച അവസാനിച്ചത് രാത്രി 10 മണിക്ക് ശേഷമാണ്.

സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ പ്രശ്‌ന മേഖലയായ ഗല്‍വാനിലെ പ്രധാന പോസ്റ്റില്‍ നിന്ന് ചൈന പിന്മാറ്റം തുടങ്ങിയിരുന്നു. അതിന് ശേഷമാണ് ഇന്ത്യ ചര്‍ച്ചയില്‍ പങ്കെടുത്തത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ ചര്‍ച്ച സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാക്കാനുളള തീരുമാനം ഇരുരാജ്യങ്ങളും എടുത്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതു രണ്ടാം തവണയാണ് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കമാന്‍ഡര്‍ റാങ്കിലുള്ളവര്‍ ചര്‍ച്ച നടത്തുന്നത്. ഈ മാസം 6ാം തിയ്യതി അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയില്‍ എത്തിയിരുന്നു. എന്നാലിത് ചൈന ലംഘിക്കുകയായിരുന്നു. ജൂണ്‍ 15ന് ഗല്‍വാനില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനയുടെ ഭാഗത്തും ആളപായം ഉണ്ടായതയാണ് റിപോര്‍ട്ട്.

Tags:    

Similar News