ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍: തീവ്ര ഹിന്ദുത്വ, ബുദ്ധ അജണ്ടകളുടെ പ്രയോഗവല്‍ക്കരണം സംഭവിക്കുന്നത് ഇങ്ങിനെയാണ്

മ്യാന്‍മറിനു പുറമെ ശ്രീലങ്കയിലും ആര്‍എസ്എസ് പ്രവര്‍ത്തന സഖ്യം രൂപീകരിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ തീവ്ര യാഥാസ്ഥിതിക ബുദ്ധ സംഘടനയായ 'ബോധു ബാല സേന' (ബിബിഎസ്)യുമായി ശക്തമായ ബന്ധമാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്.

Update: 2020-09-16 08:16 GMT

മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആഷിന്‍ വിരാത്തു എന്ന തീവ്ര ബുദ്ധമത സന്യാസിയെ 'തീവ്രവാദത്തിന്റെ മുഖം' എന്നാണ് ലോകം വിശേഷിപ്പിച്ചത്. റോഹിന്‍ഗ്യര്‍ക്കെതിരേ മ്യാന്‍മറില്‍ നടന്ന വംശഹത്യക്ക് പ്രധാന കാരണം ആഷിന്‍ വിരാത്തുവിന്റെ വിഷം തുപ്പുന്ന പ്രസംഗങ്ങളായിരുന്നു. ഇന്ത്യിയിലെ സംഘ്പരിവാരത്തിനും ശ്രീലങ്കയിലെ തീവ്ര ബുദ്ധമതക്കാര്‍ക്കും ഒരു പോലെ വേണ്ടപ്പെട്ടയാളാണ് ഈ മരണത്തിന്റെ വ്യാപാരി.

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ തോക്ക് ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ വരെ ഉപയോഗിച്ചാണ് മ്യാന്‍മര്‍ ഭരണകൂടവും ബുദ്ധമത തീവ്രവാദികളും അക്രമം അഴിച്ചുവിട്ടത്. മ്യാന്‍മറില്‍ വംശഹത്യ നടത്തിയതിന് അടുത്ത ദിവസങ്ങളിലായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടം സന്ദര്‍ശിച്ച് മ്യാന്‍മര്‍ നേതൃത്വത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസിന് മ്യാന്‍മറില്‍ ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. സനാതന്‍ ധര്‍മ്മ സ്വയംസേവക സംഘം (എസ്ഡിഎസ്എസ്) എന്നാണ് ഇത് അറിയപ്പെടുന്നത്. രാജ്യത്തെ മുസ്ലിംകളോട് വിദ്വേഷം വളര്‍ത്താന്‍ ആഷിന്‍ വിരാത്തുവിനെപ്പോലുള്ള വിഷനാക്കുകളെ ഉപയോഗിച്ച മ്യാന്‍മറിലെ സൈനിക സ്വേച്ഛാധിപതികളുമായി ഈ സംഘടന അടുത്ത ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ സംഘടനക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 500 ദശലക്ഷം അനുയായികളുള്ള ബുദ്ധമതം സമാധാനപരമായ മതമായാണ് അറിയപ്പെടുന്നതെങ്കിലും ആര്‍എസ്എസിന്റെ ഇടപെടലുകള്‍ അവരില്‍ മുസ്‌ലിം വിരോധം ശക്തമാക്കുന്നുണ്ട്. മ്യാന്‍മര്‍, ശ്രീലങ്ക, ലഡാക്ക് എന്നിവിടങ്ങളിലെ ബുദ്ധമത സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രചാരകന്‍മാര്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നത് മുഗള്‍ സാമ്രാജ്യ ഭരണകാലത്ത് ബുദ്ധമതക്കാര്‍ക്ക് അനീതിയും അക്രമങ്ങളുമാണ് നേരിടേണ്ടിവന്നത് എന്നാണ്. ടിബറ്റില്‍ നിന്ന് സ്വയം നാടുകടത്തപ്പെട്ട ബുദ്ധമത സമൂഹവും ഹിമാചല്‍ പ്രദേശില്‍ താമസിക്കുന്നവരും ആര്‍എസ്എസിന്റെ പ്രചാരണ നാവുകളായി മാറിയിട്ടുണ്ട്. വര്‍ഷങ്ങളായി മ്യാന്‍മറില്‍ പ്രവര്‍ത്തിക്കുന്ന സനാതന്‍ ധര്‍മ്മ സ്വയംസേവക സംഘത്തിന്റെ ആശയങ്ങളാണ് ആഷിന്‍ വിരാത്തുവിന്റെ നേതൃത്വത്തിലുള്ള ബുദ്ധമത തീവ്രവാദികളും പ്രചരിപ്പിക്കുന്നത്. മുസ് ലിംകള്‍ വന്നുകയറിയവരും ശത്രുക്കളുമാണ് എന്ന സംഘ്പരിവാറിന്റെ കുപ്രചരണങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് മ്യാന്‍മറിലെ ബുദ്ധമത തീവ്രവാദികളും വിദ്വേഷ പ്രചരണം നടത്തിയത്. അതിനൊടുവിലായിരുന്നു 2017ലെ റോഹിന്‍ഗ്യന്‍ വംശഹത്യ.

മ്യാന്‍മറിനു പുറമെ ശ്രീലങ്കയിലും ആര്‍എസ്എസ് പ്രവര്‍ത്തന സഖ്യം രൂപീകരിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ തീവ്ര യാഥാസ്ഥിതിക ബുദ്ധ സംഘടനയായ 'ബോധു ബാല സേന' (ബിബിഎസ്)യുമായി ശക്തമായ ബന്ധമാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്. രാജ്യത്തെ ശുദ്ധീകരിക്കാന്‍ ബിബിഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് നേതാവ് റാം മാധവ് പലപ്പോഴായി പ്രശംസിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെട്ട് രാംമാധവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 'ശ്രീലങ്കയിലെ മുസ്‌ലീം ജനസംഖ്യ അതിവേഗം വളരുകയാണ്... രാജ്യത്ത് എല്ലായിടത്തും പള്ളികളും മദ്രസകളും മുളപൊട്ടുന്നുണ്ട്. ഏകദേശം 50 ദശലക്ഷം വീടുകളില്‍ 1.2 ദശലക്ഷം മുസ്ലിം ജനസംഖ്യയില്‍ ഒരു പള്ളിയുണ്ടെന്നാണ് ഏകദേശ കണക്ക്. കൊളംബോയില്‍ത്തന്നെ ഒരു പുതിയ മനോഹരമായ പള്ളി വരുന്നു, അതുപോലെ മറ്റ് പല സ്ഥലങ്ങളിലും. ശ്രീലങ്കന്‍ നഗരങ്ങളിലെയും പട്ടണങ്ങളിലെയും തെരുവുകളില്‍ ഇനി ബുര്‍ഖ ധരിച്ച സ്ത്രീകളുടെയും തലയോട്ടി തൊപ്പി ധരിച്ച പുരുഷന്മാരുടെയും എണ്ണം കൂടാം.' എന്നാണ് ആര്‍എസ്എസ് മേധാവി ആശങ്കപ്പെടുന്നത്.

'ശ്രീലങ്കയിലെ മുസ്ലിംകള്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും രാം മാധവ് കുറിച്ചു. ''ബിബിഎസ് പ്രധാനമായും സംസാരിക്കുന്നത് രാജ്യത്തെ ബുദ്ധ സംസ്‌കാരത്തെ വിദേശ മതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ഇതിനര്‍ത്ഥം ആളുകളെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരെയും അവര്‍ ശ്രദ്ധിക്കുന്നു എ്ന്നാണ്. രാജ്യത്തെ ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരുമിച്ച് ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ബിബിഎസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബിബിഎസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ സജീവവും സഹാനുഭൂതിയും അര്‍ഹിക്കുന്നതാണ് എന്നെഴുതിയാണ് രാം മാധവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശ്രീലങ്കയില്‍ ഗോവധത്തിന് രാജ്യവ്യാപകമായി സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി പ്രധാനമന്ത്രി മഹീന്ദ രാജപക്സെ തന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജാന പെരമുന (എസ്എല്‍പിപി) യുടെ പാര്‍ലമെന്ററി യോഗത്തില്‍ ഇതിന് അംഗീകാരം നേടിയത് കഴിഞ്ഞ ദിവസമാണ്. ശ്രീലങ്കയില്‍ ഗോവധം നിരോധിക്കണമെന്നത് ബോധു ബാല സേനയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ബോധു ബാല സേനക്ക് ആര്‍എസ്എസുമായി ബന്ധമുള്ളതു പോലെ മ്യാന്‍മറിലെ ബുദ്ധമത തീവ്രവാദി ആഷിന്‍ വിരാത്തുവിന്റെ 969 എന്ന സംഘടനയുമായും അടുത്ത ബന്ധമാണുള്ളത്. ബോധു ബാല സേനയുടെ പരിപാടികള്‍ക്കായി ആഷിന്‍ വിരാത്തു ശ്രീലങ്കയില്‍ എത്താറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീകരതയോട് സഹിഷ്ണുത പുലര്‍ത്തുക എന്ന നയത്തില്‍ നിന്ന് സിംഹള സമൂഹത്തിന് വളരെയേറെ പഠിക്കാനുണ്ടെന്ന് ബോധു ബാല സേനയുടെ നേതാവ് ഗാലഗോഡ അത്ഥെ ജ്ഞാനസാര തീറോ പറഞ്ഞിരുന്നു. മുസ്‌ലിം വിരുദ്ധ നിലപാടുകളിലൂടെ ശ്രീലങ്കയില്‍ കുപ്രസിദ്ധനായ ബുദ്ധമത സന്യാസിയാണ് ഗാലഗോഡ. 

Tags:    

Similar News