'ലൗ ജിഹാദ്' നിയമത്തില്‍ കുടുങ്ങി ക്രൈസ്തവരും; യുവതിയെ മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍
അറസ്റ്റിന് മുന്‍പ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ കേന്ദ്രത്തിന് മുന്‍പില്‍ വന്‍ പ്രതിഷേധം അരങ്ങേറിയതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂഡല്‍ഹി: മധ്യപ്രദേശ് സര്‍ക്കാര്‍ 'ലൗ ജിഹാദ്' തടയാനെന്ന പേരില്‍ നടപ്പാക്കിയ മത പരിവര്‍ത്തന നിരോധന നിയമത്തില്‍ ക്രൈസ്തവരും കുടുങ്ങി. ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രക്ഷിതാക്കള്‍ ഉള്‍പ്പടെ ഒമ്പ് പേരെ ഇന്‍ഡോറിലെ ഭന്‍വാര്‍കാന്‍ പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.
അറസ്റ്റിന് മുന്‍പ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ കേന്ദ്രത്തിന് മുന്‍പില്‍ വന്‍ പ്രതിഷേധം അരങ്ങേറിയതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രതിഷേധം.
ഉത്തര്‍ പ്രദേശിന് പിന്നാലെ ഈ മാസം ആദ്യത്തിലാണ് മധ്യ പ്രദേശ് സര്‍ക്കാര്‍ 'ലൗ ജിഹാദ്' നിയമം നടപ്പാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് നിയമം.
25 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് നടപടിയെടുത്തതെന്ന് ഭന്‍വാര്‍കാന്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ സന്തോഷ് കുമാര്‍ ദുതി പറഞ്ഞു. സ്റ്റേഷന് സമീപമുള്ള 'സത്പ്രകാശന്‍ സഞ്ചാര്‍ കേന്ദ്ര' എന്ന ക്രൈസ്ത ആരാധനാലയത്തില്‍ എത്തിച്ചാണ് മത പരിവര്‍ത്തനത്തിന് ശ്രമിച്ചതെന്നും യുവതി പരാതിയില്‍ ആരോപിച്ചു.
'ക്രൈസ്തവ കേന്ദ്രത്തില്‍ എത്തിച്ച തന്നെ അവിടെയുള്ള സ്ത്രീകള്‍ ചേര്‍ന്ന ബലം പ്രയോഗിച്ച് മര്‍ദിച്ചു'. യുവതി പറഞ്ഞതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തി. 'ഞാന്‍ ഹിന്ദുവായാണ് ജനിച്ചത്. ഹിന്ദുവായി തന്നെ ജീവിക്കുന്നു. എന്നാല്‍, തന്റെ അമ്മയും ചിലരും ചേര്‍ന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുയാണ്' യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ റിപ്പബ്ലിക് ദിനത്തില്‍ ക്രൈസ്ത കേന്ദ്രത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 11 പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഒളിവിലാണെന്നും പോലിസ് പറഞ്ഞു.