മഹ്‌സ അമീനിയുടെ ഖബറിടത്തില്‍ തടിച്ചുകൂടി ആയിരങ്ങള്‍; വെടിയുതിര്‍ത്ത് ഇറാന്‍ സുരക്ഷാ സേന

Update: 2022-10-27 08:31 GMT

തെഹ്‌റാന്‍: ഇറാനില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്‌സ അമീനിയുടെ ഖബറിടത്തിലെത്തിയ ജനക്കൂട്ടത്തിനുനേരേ വെടിയുതിര്‍ത്ത് പോലിസ്. മരണത്തിന്റെ 40ാം ദിനമായ ഇന്ന് ഖബറിടത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകള്‍ക്കു നേരേ പോലിസ് നിറയൊഴിക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തെന്നാണ് റിപോര്‍ട്ട്. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മഹ്‌സ അമിനിയുടെ ഖബറിടത്ത് തടിച്ചുകൂടിയ ആയിരങ്ങള്‍ ഇറാന്‍ പരമോന്നത നേതാവിനെതിരേ മുദ്രാവാക്യം മുഴക്കി. തുടര്‍ന്നാണ് പോലിസ് വെടിവച്ചത്.

ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു. ശിരോവസ്ത്രം ഊരിമാറ്റി നൂറുകണക്കിന് സ്ത്രീകളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. 'ഏകാധിപത്യം തുലയട്ടെ,' 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍ രോഷം പ്രകടമാക്കി. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പോലിസുമായി ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാര്‍ ചവറ്റുകുട്ടകള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.\

സുരക്ഷാ സേന തിരിച്ച് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതും കാണാമായിരുന്നു. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരുന്നു. 'സുരക്ഷാസേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയും സാക്വസ് നഗരത്തിലെ സിന്ദാന്‍ സ്‌ക്വയറില്‍ ആളുകള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും ചെയ്തു.' ഇറാനിലെ കുര്‍ദിഷ് പ്രദേശങ്ങളിലെ അവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന നോര്‍വേ ആസ്ഥാനമായുള്ള ഗ്രൂപ്പായ ഹെന്‍ഗാവ് ട്വീറ്റ് ചെയ്തു.

2,000ത്തോളം ആളുകള്‍ സഖേസില്‍ തടിച്ചുകൂടി 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന് മുദ്രാവാക്യം വിളിച്ചതായി ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി പറഞ്ഞു. ആക്ടിവിസ്റ്റുകളും മനുഷ്യാവവകാശ ഗ്രൂപ്പുകളും ഓണ്‍ലൈനില്‍ വ്യാപകമായി പങ്കിട്ട വീഡിയോകളില്‍ ആയിരക്കണക്കിന് ആളുകള്‍ കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും ഹൈവേയിലൂടെയും വയലുകളിലൂടെയും ഒരു നദിക്ക് കുറുകെ കാല്‍നടയായി പോവുന്നത് കാണുന്നുണ്ട്.

കനത്ത സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും ആയിരങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലിസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി (22) കഴിഞ്ഞ സപ്തംബര്‍ 16നാണ് കൊല്ലപ്പെട്ടത്. പോലിസ് അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മഹ്‌സ മരണപ്പെട്ടത്. ഇതെത്തുടര്‍ന്ന് രാജ്യത്തുടനീളമുണ്ടായ പ്രതിഷേധങ്ങളില്‍ 250 ഓളം പേര്‍ മരിച്ചു. ശിരോവസ്ത്രം അഴിച്ചും, മുടി മുറിച്ചും സ്ത്രീകള്‍ ഉള്‍പ്പെടെ നടത്തിയ പ്രതിഷേധത്തില്‍ നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News