'രണ്ട് ബില്യണ്‍ മുസ് ലിംകളെ അപമാനിക്കുന്നത്'; ഇന്ത്യയില്‍ ഇസ് ലാമോഫോബിയ അപകടകരമായ തലത്തിലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ്
ദോഹ: ബിജെപിയുടെ ദേശീയ വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയെ കടുത്ത ഭാഷയില്‍ അപലപിച്ച് ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ എച്ച് ഇ ലോല്‍വ അല്‍ ഖാതര്‍. ഇന്ത്യയിലെ വ്യവസ്ഥാപിത വിദ്വേഷ പ്രചാരണം രണ്ട് ബില്യണ്‍ മുസ് സിംകള്‍ക്കെതിരായ ബോധപൂര്‍വമായ അപമാനമായി കണക്കാക്കുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
The Islamophobic discourse has reached dangerous levels in a country long known for its diversity & coexistence. Unless officially & systemically confronted, the systemic hate speech targeting #Islam in #India will be considered a deliberate insult against the 2 billion Muslims. https://t.co/YcYyAoZcE3
— لولوة الخاطر Lolwah Alkhater (@Lolwah_Alkhater) June 5, 2022
'വൈവിധ്യത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട ഒരു രാജ്യത്ത് ഇസ്‌ലാമോഫോബിക് വ്യവഹാരം അപകടകരമായ തലത്തിലെത്തി. ഔദ്യോഗികമായും വ്യവസ്ഥാപിതമായും നേരിടാത്തപക്ഷം, ഇന്ത്യയിലെ ഇസ്‌ലാമിനെ ലക്ഷ്യമാക്കിയുള്ള വ്യവസ്ഥാപിത വിദ്വേഷ പ്രസംഗം 2 ബില്യണ്‍ മുസ് ലിംകള്‍ക്കെതിരായ ബോധപൂര്‍വമായ അപമാനമായി കണക്കാക്കും'. ഖത്തര്‍ വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തു.
ബിജെപിയുടെ ദേശീയ വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. മുഹമ്മദ് നബിയെ അപമാനിക്കുന്ന ഇന്ത്യന്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വക്താവിന്റെ പ്രസ്താവനകളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു. ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരേ ഇരു ഹറമുകളുടെ പ്രസിഡന്റായ ഷെയ്ഖ് അബ്ദുല്‍ റഹ്മാനും രംഗത്തെത്തി. ബിജെപി വക്താവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു.
ബിജെപി ദേശീയ വക്താവ് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ അറബ് ലോകത്ത് പ്രതിഷേധം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് 'ഇല്ലാ റസൂലല്ലാഹ് യാ മോദി' എന്ന ഹാഷ് ടാഗ് സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ അറബ് രാഷ്ട്രങ്ങളില്‍ ട്രന്‍ഡിങ് ആയി മാറിയെന്ന് ബിബിസി അറബിക് റിപ്പോര്‍ട്ടു ചെയ്യുന്നു.
പരാമര്‍ശം അറബ് ലോകത്ത് ചര്‍ച്ചയായതിന് പിന്നാലെ നുപൂര്‍ ശര്‍മ്മയെ ബിജെപി പ്രാഥമികാംഗ്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിജെപി ഡല്‍ഹി വക്താവ് നവീന്‍ ജിന്‍ഡാലിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാമര്‍ശത്തിനെതിരെ ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നടന്ന സംവാദത്തിനിടെയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യ ആയിഷയെയും സംബന്ധിച്ച് നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകള്‍ നല്‍കിയ പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, പരാമര്‍ശം വ്യക്തിപരമാണെന്നും തങ്ങള്‍ക്ക് ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി ടൈംസ് നൗ വിശദീകരണക്കുറിപ്പിറക്കിയിരുന്നു.
പരാമര്‍ശത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അറബ് ലോകം വിഷയത്തില്‍ ഇടപെട്ടത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അല്‍ ഖലീലി അടക്കമുള്ളവര്‍ ട്വിറ്ററില്‍ കുറിപ്പിട്ടു. പ്രവാചകനും സഹധര്‍മിണിക്കുമെതിരെയുള്ള പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്‌ലിമിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ശൈഖ് അല്‍ ഖലീലി ട്വീറ്റു ചെയ്തു. പ്രസ്താവനക്കെതിരെ ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.