റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കൊലയില്‍ മ്യാന്‍മര്‍ സൈന്യത്തെ ഇസ്രായേല്‍ പിന്തുണച്ചു; രേഖകള്‍ പുറത്ത്

ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, 1950കള്‍ മുതല്‍ 1980കളുടെ ആരംഭം വരെ ഇസ്രായേല്‍ ഭരണകൂടം ബര്‍മീസ് സൈന്യത്തെ എങ്ങനെ ആയുധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് 25,000 പേജുള്ള രേഖകള്‍ വിശദീകരിക്കുന്നു.

Update: 2022-10-12 07:52 GMT

തെല്‍അവീവ്: ഇപ്പോള്‍ മ്യാന്‍മര്‍ എന്നറിയപ്പെടുന്ന ബര്‍മ്മയുമായുള്ള ആഴത്തിലുള്ള ഇസ്രായേലി സൈനിക ബന്ധവും റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ക്രൂരമായ കൂട്ടക്കൊലയില്‍ അതിന്റെ പ്രധാന പങ്കും വെളിപ്പെടുത്തി ഇസ്രായേലി വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍.

ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, 1950കള്‍ മുതല്‍ 1980കളുടെ ആരംഭം വരെ ഇസ്രായേല്‍ ഭരണകൂടം ബര്‍മീസ് സൈന്യത്തെ എങ്ങനെ ആയുധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് 25,000 പേജുള്ള രേഖകള്‍ വിശദീകരിക്കുന്നു. 1948ല്‍ മ്യാന്‍മാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ നിരന്തരമായ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്നു.

സാഹചര്യത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നിട്ടും രാജ്യത്തെ കടുത്ത ആഭ്യന്തരയുദ്ധം ബര്‍മ്മയിലേക്കുള്ള ആയുധ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു 'സുവര്‍ണ്ണാവസരം' ആയാണ് ഇസ്രായേല്‍ അധികൃതര്‍ കണ്ടത്.

1952 സെപ്തംബറില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗുറിയന് അയച്ച ഒരു കേബിളില്‍, ബര്‍മ്മയിലെ ആഭ്യന്തരയുദ്ധം ഇന്നുവരെ 30,000 ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നും 'സംസ്ഥാന ബജറ്റിന്റെ 55 ശതമാനം പ്രതിരോധ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ടെന്നും' പ്രസ്താവിക്കുന്നു. ആയുധ പിന്തുണയ്ക്ക് പകരമായി അന്താരാഷ്ട്ര ഫോറങ്ങളില്‍ ബര്‍മീസ് പിന്തുണ നേടുക എന്നതായിരുന്നു ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

'സൈനിക സഹായം ബാഹ്യ ശത്രുക്കള്‍ക്ക് എതിരേയുള്ള പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് രാജ്യത്തെ നിവാസികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിച്ചുവെന്നത് ഇസ്രായേലി ഭരണകൂടങ്ങള്‍ കാര്യമാക്കിയില്ലെന്ന് മാത്രമല്ല, ആ കാലഘട്ടത്തില്‍ മ്യാന്‍മറിലേക്കുള്ള ആയുധ വില്‍പ്പനയ്ക്ക് ഒരു ഇസ്രായേലി പ്രതിനിധിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

1954 മാര്‍ച്ചില്‍, വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍, വാള്‍ട്ടര്‍ എയ്തന്‍, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് മോഷെ ദയാന് എഴുതി: 'ഏഷ്യയിലെ ഇസ്രായേലിന്റെ ഏറ്റവും വിശ്വസ്ത സുഹൃത്താണ് ബര്‍മ്മ, ഇസ്രായേല്‍ സൈന്യവും ബര്‍മീസ് സൈന്യവും തമ്മിലുള്ള ബന്ധം അത്യന്തം സുപ്രധാനമാണ്. കുറഞ്ഞത് നയതന്ത്രപരമായി.'

30 യുദ്ധവിമാനങ്ങള്‍, ലക്ഷക്കണക്കിന് വെടിയുണ്ടകള്‍, 1,500 നാപാം ബോംബുകള്‍, 30,000 റൈഫിള്‍ ബാരലുകള്‍, ആയിരക്കണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകള്‍, സ്‌കൗട്ടുകളുടെ കൂടാരങ്ങള്‍ മുതല്‍ പാരച്യൂട്ടിംഗ് ഗിയറുകള്‍ വരെ നിരവധി സൈനിക ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ഇരു ഭരണകൂടങ്ങളും തമ്മിലുള്ള കരാര്‍.

കൂടാതെ, ഡസന്‍ കണക്കിന് ഇസ്രായേലി വിദഗ്ധരെ പരിശീലന ദൗത്യങ്ങള്‍ക്കായി ബര്‍മയിലേക്ക് അയച്ചു, ബര്‍മീസ് സൈനിക ഉദ്യോഗസ്ഥര്‍ പരിശീലനത്തിനും മറ്റുമായി ഇസ്രായേലിലേക്ക് വന്നു.

ബര്‍മീസ് സൈന്യവുമായി സഹകരിച്ച് ഇസ്രായേല്‍ അവിടെ ഷിപ്പിംഗ്, കൃഷി, ടൂറിസം, നിര്‍മ്മാണ കമ്പനികളും സ്ഥാപിച്ചു. കൂടാതെ, ഇസ്രായേലിന്റെ ഭൂമി അധിനിവേശത്തിന്റെയും പിടിച്ചെടുക്കലിന്റെയും പാത പിന്തുടരാന്‍ ബര്‍മക്കാര്‍ പ്രചോദിപ്പിക്കപ്പെട്ടു. തുടര്‍ന്ന് വംശീയ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ സൈനിക താവളങ്ങള്‍ സ്ഥാപിച്ചു.

'തങ്ങളുടെ മൊസാദും ബര്‍മീസ് മൊസാദും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്' റോഹിങ്ക്യന്‍ ജനതയുടെ വംശീയ ഉന്മൂലനം ഒരു അവസരമായി ഇസ്രായേല്‍ ഭരണകൂടം കണ്ടതിന് ശേഷം 1982 ജനുവരിയില്‍ അന്നത്തെ ഏഷ്യ ഡെസ്‌കിന്റെ ഡയറക്ടര്‍ കല്‍മാന്‍ അന്നര്‍ എഴുതി.

2017 ഓഗസ്റ്റ് 25 മുതല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 24,000 റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു, 34,000ത്തിലധികം പേര്‍ ചുട്ടെരിക്കപ്പെട്ടു. 114,000ലധികം പേര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. ഒന്റാറിയോ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുടെ (OIDA) റിപ്പോര്‍ട്ട് പ്രകാരം 18,000 സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെടുകയും 115,000 വീടുകള്‍ കത്തിക്കുകയും ചെയ്തു.

അതേസമയം, കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ഇസ്രായേലിലെ ആയുധ പ്രദര്‍ശനങ്ങളിലേക്ക് മ്യാന്‍മാര്‍ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് 2019 ജൂലൈയില്‍ ഇസ്രായേലി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Tags:    

Similar News