അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ അതിക്രമം; 60 ലധികം ഫലസ്തീനികള്‍ക്ക് പരിക്ക് (വീഡിയോ)

Update: 2022-04-15 07:03 GMT

ജറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ അതിക്രമത്തില്‍ 60 ലധികം ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ സൈന്യം പള്ളിയില്‍ അതിക്രമിച്ചുകയറി വിശ്വാസികള്‍ക്ക് നേരേ ബലപ്രയോഗം നടത്തുകയായിരുന്നു. തുടര്‍ന്ന് ചെറുത്തുനില്‍പ്പുമായി ഫലസ്തീനികളും രംഗത്തെത്തി. ബുധനാഴ്ച മുതല്‍ നടത്തിവരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും അതിക്രമമുണ്ടായത്. ഇതില്‍ 67 പേര്‍ക്ക് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവസ്ഥലത്തേക്ക് എത്തുന്നതിനായി ശ്രമിച്ച ആംബുലന്‍സുകളെ ഇസ്രായേല്‍ സൈന്യം തടയുകയും ചെയ്തതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് എമര്‍ജന്‍സി സര്‍വീസ് പറഞ്ഞു.

റമദാനിലെ വെള്ളിയാഴ്ച ആയതിനാല്‍ പുലര്‍ച്ചെ പ്രാര്‍ത്ഥനകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടിയ സമയത്താണ് ഇസ്രായേല്‍ സേന അതിക്രമിച്ച് കയറി പരിശോധന നടത്തിയത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ഫലസ്തീനികള്‍ കല്ലെറിയുന്നതും പോലിസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിക്കുന്നതും കാണാം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രസന്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന ഗാര്‍ഡുമാരില്‍ ഒരാളുടെ കണ്ണില്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്തതായി ഇസ്‌ലാമിക് എന്‍ഡോവ്‌മെന്റ് അറിയിച്ചു.

പരിക്കേറ്റ ഡസന്‍ കണക്കിന് വിശ്വാസികള്‍ പള്ളിയുടെ കോമ്പൗണ്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ ആദ്യം റിപോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേല്‍ പോലിസ് സേന യാതൊരു കാരണവുമില്ലാതെ അല്‍അഖ്‌സ മസ്ജിദ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ദമാസ്‌കസ് ഗേറ്റില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ നജ്‌വാന്‍ അല്‍സംരി പറഞ്ഞു. അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഫലസ്തീന്‍ പോരാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. റമദാന്‍ തുടങ്ങിയത് മുതല്‍ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന ഇസ്രാഈലിന്റെ നരനായാട്ടില്‍ 20 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി സംഘടനകള്‍ അറിയിച്ചു. അല്‍ അഖ്‌സ പള്ളിയുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കാന്‍ ഇടപെടണമെന്ന് അറബ് ലോകത്തോട് പള്ളി ഇമാം ആവശ്യപ്പെട്ടു.

Tags:    

Similar News