സിഎഎ വിരുദ്ധ സമരം: ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തി

ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി മീഡിയ കോ-ഓഡിനേറ്ററായ സഫൂറാ സര്‍ഗര്‍ ജാമിഅ മില്ലിയ ഇസ് ലാമിയ്യ(ജെഎംഐ) സര്‍വകലാശാലയിലെ എംഫില്‍ വിദ്യാര്‍ഥിയാണ്. ആര്‍ജെഡി യൂത്ത് വിങ് ഡല്‍ഹി യൂനിറ്റ് പ്രസിഡന്റായ മീരാന്‍ ഹൈദര്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്.

Update: 2020-04-21 16:09 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരത്തിനു നേതൃത്വം നല്‍കിയ ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ മീരാന്‍ ഹൈദര്‍, സഫൂറാ സര്‍ഗര്‍ എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലിസ് യുഎപിഎ പ്രകാരം കേസെടുത്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര ഹിന്ദുത്വര്‍ നടത്തിയ വര്‍ഗീയ കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേയാണ് നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(യുഎപിഎ)യിലെ വകുപ്പുകള്‍ ചുമത്തിയത്. ഫെബ്രുവരിയില്‍ നടന്ന കലാപത്തിന് പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് മീരാന്‍ ഹൈദറിനെയും സഫൂറ സര്‍ഗറിനെയും അറസ്റ്റ് ചെയ്തത്. എവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

  


    ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി മീഡിയ കോ-ഓഡിനേറ്ററായ സഫൂറാ സര്‍ഗര്‍ ജാമിഅ മില്ലിയ ഇസ് ലാമിയ്യ(ജെഎംഐ) സര്‍വകലാശാലയിലെ എംഫില്‍ വിദ്യാര്‍ഥിയാണ്. ആര്‍ജെഡി യൂത്ത് വിങ് ഡല്‍ഹി യൂനിറ്റ് പ്രസിഡന്റായ മീരാന്‍ ഹൈദര്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെയും പോലിസ് കേസെടുത്തതായി മീരാന്‍ ഹൈദറിന്റെ അഭിഭാഷകന്‍ അക്രം ഖാന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. സാമുദായിക ആക്രമണം മുന്‍കൂട്ടി തീരുമാനിച്ച ഗൂഢാലോചനയാണെന്നും ഉമര്‍ ഖാലിദും മറ്റു രണ്ടുപേരും ചേര്‍ന്നാണ് നടത്തിയതെന്നുമാണ് എഫ്‌ഐആറില്‍ പോലിസ് ആരോപിച്ചിട്ടുള്ളത്. രാജ്യദ്രോഹം, കൊലപാതകം, കൊലപാതകശ്രമം, മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, കലാപം തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

    


ഉമര്‍ ഖാലിദ് രണ്ടിടങ്ങളില്‍ പ്രകോപന പ്രസംഗം നടത്തിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ തെരുവിലിറങ്ങാനും റോഡുകള്‍ തടയാനും ആഹ്വാനം ചെയ്‌തെന്നും പോലിസ് ആരോപിച്ചു. ഗൂഢാലോചനയുടെ ഭാഗമായി നിരവധി വീടുകളില്‍ തോക്കുകള്‍, പെട്രോള്‍ ബോംബുകള്‍, ആസിഡ് കുപ്പികള്‍, കല്ലുകള്‍ എന്നിവ ശേഖരിച്ചിരുന്നതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. കലാപത്തില്‍ പങ്കെടുക്കാന്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കാന്‍ ഉത്തരവാദിത്തം കൂട്ടുപ്രതി ഡാനിഷിനാണെന്നും പോലിസ് ആരോപിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ജാഫറാബാദ് മെട്രോ സ്‌റ്റേഷനു കീഴിലുള്ള റോഡുകള്‍ സ്ത്രീകളും കുട്ടികളും ഉപരോധിച്ചിരുന്നു.

    പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തതിനെതിരെ അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, മഹേഷ് ഭട്ട്, രത്‌ന പഥക് ഷാ എന്നിവരുള്‍പ്പെടെ 20ഓളം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍, ജാമിഅ അക്രമത്തെക്കുറിച്ചും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ കുറിച്ചും നിഷ്പക്ഷമായി അന്വേഷണം നടന്നതായും ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമായിരുന്നു പോലിസിന്റെ മറുപടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ജാമിഅ കാംപസിലേക്ക് പോലിസ് പ്രവേശിക്കുകയും അക്രമം നടത്തുകയും ചെയ്തിരുന്നു.


Tags:    

Similar News