'10 ലക്ഷം രൂപ വാങ്ങുന്നത് ഞാന്‍ നേരിട്ട് കണ്ടു'; കെ സുധാകരനെ കുരുക്കി മോന്‍സന്റെ ഡ്രൈവറുടെ മൊഴി

Update: 2023-06-14 10:23 GMT

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയെ കുരുക്കി മുഖ്യപ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവര്‍ അജിത്തിന്റെ മൊഴി. മോന്‍സന്റെ കൈയില്‍നിന്നും സുധാകരന്‍ 10 ലക്ഷം രൂപയാണ് കെ സുധാകരന്‍ വാങ്ങിയതെന്ന് അജിത് സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. സുധാകരനു പുറമെ ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരായ മോന്‍സന്റെ പരാമര്‍ശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അജിത് ആരോപിച്ചു. മോന്‍സന്‍ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട് അജിത്ത് രണ്ടു മാസം മുമ്പ് ക്രൈംബ്രാഞ്ചിനും ഇഡിക്കും മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയ, സിനിമാ, പോലിസ് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് മോന്‍സന്‍ മാവുങ്കല്‍ പണം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് മൊഴി നല്‍കിയിരുന്നത്. സിനിമാ നിര്‍മാതാവ് സാബു ചെറിയാന് മോന്‍സന്‍ സാര്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു. ഡിഐജി സുരേന്ദ്രന്‍ സാറിന് 15 ലക്ഷം രൂപ, സുധാകരന്‍ സാറിന് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കിയത്. ഇതെല്ലാം ഞാന്‍ മൊഴിയായി നല്‍കിയതാണെന്നും അജിത്ത് പറഞ്ഞു.

    ''കെ സുധാകരന് പണം നല്‍കുന്നത് ഞാന്‍ നേരിട്ടു കണ്ടതാണ്. കേസ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ത്തന്നെ ഇക്കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞിരുന്നു. അന്ന് ഇതെന്താണ് പുറത്തു വരാത്തതെന്ന് അറിയില്ല. അനൂപേട്ടന്‍ തന്ന 25 ലക്ഷത്തില്‍ നിന്നാണ് സുധാകരന്‍ സാറിന് 10 ലക്ഷം കൊടുത്തത്. ഡല്‍ഹിയിലെ ഫിനാന്‍സ് കമ്മിറ്റിയില്‍ അടയ്ക്കാനുള്ള പണമാണെന്നാണ് പറഞ്ഞത്. അപ്പോഴേയ്ക്കും അനൂപേട്ടന്‍ കുറേ പണം മോന്‍സന്‍ സാറിന് കൊടുത്തിരുന്നു. പിന്നീട് വിശ്വാസം കുറഞ്ഞതോടെയാണ്, അനൂപിന് വിശ്വാസമുള്ള ആളോട് തന്നെ സംസാരിച്ചതിനു ശേഷം പണം തന്നാല്‍ മതിയെന്ന് മോന്‍സന്‍ സാര്‍ പറഞ്ഞത്. അങ്ങനെ സുധാകരന്‍ സാര്‍ വീട്ടിലുള്ള ദിവസം മോന്‍സന്‍ സാര്‍ അനൂപേട്ടനെ വിളിച്ചുവരുത്തി. അന്ന് 25 ലക്ഷം രൂപയുമായാണ് അനൂപേട്ടന്‍ വന്നത്. 25 ലക്ഷം രൂപ വാങ്ങിയ കാര്യം സുധാകരന്‍ സാറിന് അറിയില്ല. അദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് കൊടുത്തത്. ബാക്കി 15 ലക്ഷം മോന്‍സന്‍ എടുത്തു.

    അന്ന് മോന്‍സന്‍ സാര്‍ സുധാകരന്‍ സാറിന്റെ കൈയില്‍ത്തന്നെയാണ് 10 ലക്ഷം രൂപ കൊടുത്തത്. അത് എണ്ണിയത് ഞാനും ജോഷി എന്ന സ്റ്റാഫും ചേര്‍ന്നാണ്. 25 ലക്ഷത്തില്‍ 15 ലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തി അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ മാറ്റിവച്ചു. പിന്നീട് മോന്‍സന്‍ സാര്‍ വന്നപ്പോള്‍ അത് അദ്ദേഹത്തെ ഏല്‍പ്പിച്ചെന്നും അജിത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് മോന്‍സന്‍ സാറുമായി ബന്ധമുണ്ടെന്നൊക്കെ സുധാകരന്‍ സാര്‍ ഇന്നലെ പറയുന്നതു കേട്ടു. മോന്‍സന്‍ സാറിന്റെ 20 ഫോണ്‍ പരിശോധിച്ചാലും അതില്‍നിന്ന് അങ്ങനെയൊരു നമ്പര്‍ പോലും കിട്ടില്ല. മോന്‍സന്‍ സാര്‍ മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ പല വഴികളും നോക്കിയിരുന്നു. പക്ഷേ അവിടെ എത്താനായില്ല. അതുകഴിഞ്ഞ് പ്രധാനമന്ത്രിയിലേക്കും എത്താന്‍ ചില വഴികളൊക്കെ നോക്കിയിരുന്നു. അതും എത്താനായില്ല. അപ്പോഴേക്കും അറസ്റ്റിലായെന്നുമാണ് അജിത്ത് പറയുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചതോടെ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്നാണ് സുധാകരന്‍ പറയുന്നത്. ഇതിനിടെ, ക്രൈംബ്രാഞ്ചിനു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, നാളെ ഹാജരാവാനാവില്ലെന്നും സാവകാശം വേണമെന്നുമുള്ള സുധാകരന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 23ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Tags:    

Similar News