'ചവിട്ടിയിട്ട' തെരുവോര കച്ചവടക്കാരനെ കൊണ്ട് 'പുകഴ്ത്തിപ്പറയിപ്പിച്ച്' പോലിസ് നാടകം(വീഡിയോ)

സ്‌റ്റേഷനിലേക്കു വിളിപ്പിച്ച വ്യാപാരി സാജിദിനോട് ഏതാനും ചില പോലിസുകാര്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതും പോലിസിനെ ന്യായീകരിച്ച് അദ്ദേഹം ചിരിച്ചുകൊണ്ട് ഉത്തരം പറയുന്നതുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എസ് ഐ ചെയ്തതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണെന്ന ചോദ്യത്തിന്, ഒന്നാമത് ജീവിത പ്രശ്‌നമാണെന്നും എസ് ഐയ്ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരം ഉണ്ടെന്നുമാണ് സാജിദ് മറുപടി പറയുന്നത്.

Update: 2020-09-16 10:26 GMT

Full View

കണ്ണൂര്‍: കൊറോണ നിയന്ത്രണത്തിന്റെ പേരുപറഞ്ഞ് തെരുവു വ്യാപാരിയോട് ഉത്തരേന്ത്യന്‍ മോഡല്‍ അതിക്രമം കാട്ടിയ പോലിസ് നടപടിക്കെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നതോടെ പുതിയ നാടകവുമായി കണ്ണൂര്‍ ടൗണ്‍ പോലിസ് രംഗത്ത്. കാലുകൊണ്ട് ചവിട്ടി റോഡിലിട്ട പഴം-പച്ചക്കറി വ്യാപാരിയെ പോലിസ് സ്‌റ്റേഷനിലെത്തിച്ച് പോലിസിനെ പുകഴ്ത്തിപ്പറയിപ്പിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനാണ് പരിഹാസ്യം പടര്‍ത്തുന്ന കാഴ്ചകള്‍ക്കു വേദിയായത്. പട്ടാപ്പകല്‍ തെരുവുകച്ചവടക്കാരനെ കോളറയ്ക്കു പിടിച്ചുമാറ്റുകയും ഭക്ഷണ സാധനങ്ങള്‍ കാല്‍ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഭവം ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കോഴിക്കോട് ജില്ലാ മുന്‍ കലക്ടര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ്, വാദിയെ കൊണ്ട് തന്നെ പോലിസിനെ പുകഴ്ത്തിപ്പറയിപ്പിച്ച് തടിയൂരാനുള്ള ശ്രമവുമായി കണ്ണൂര്‍ ടൗണ്‍ പോലിസ് രംഗത്തെത്തിയത്.

   


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ ടൗണ്‍ മാര്‍ക്കറ്റിലെ പഴം-പച്ചക്കറി വ്യാപാരിയായ സിറ്റി പോസ്റ്റോഫിസിനു സമീപത്തെ സാജിദിനു നേരെ പോലിസ് അതിക്രമമുണ്ടായത്. കച്ചവട സാധനങ്ങള്‍ എടുത്തുമാറ്റാന്‍ പറയുകയും ടൗണ്‍ എസ് ഐ വ്യാപാരിക്കു നേരെ തിരിയുകയായിരുന്നു. റോഡരികില്‍ പഴം-പച്ചക്കറി സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സാജിദിനോട് തട്ടിക്കയറിയ മൂന്നംഗ പോലിസ് സംഘത്തില്‍ ഒരാള്‍ വ്യാപാരിയെ പിന്നില്‍ നിന്ന് കോളറിനു പിടിച്ച് വലിച്ചു. 'നിന്റെ തന്തയുടെ വകയാണോ റോഡ്' എന്നു പറഞ്ഞ് ആക്രോശിച്ച എസ് ഐ കാല് കൊണ്ട് വണ്ടിയിലെ ഭക്ഷണസാധനങ്ങള്‍ ചവിട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പഴങ്ങളും മറ്റും ഉന്തുവണ്ടിയില്‍ നിന്ന് റോഡിലേക്ക് വീണു. സംഭവത്തിന്റെ വീഡിയോ പരിസരത്തു നിന്ന് ആരോ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതോടെ പോലിസ് സംഘം വീണ്ടുമെത്തി വ്യാപാരിയെ കസ്റ്റഡിയിലെടുത്തു. ഫോണ്‍ പിടിച്ചുവച്ച ശേഷം പിറ്റേന്ന് വീണ്ടും സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചു. എന്നാല്‍, ഇതെല്ലാം വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയായതോടെയാണ് പോലിസ് അടവുമാറ്റിയത്.

    സ്‌റ്റേഷനിലേക്കു വിളിപ്പിച്ച വ്യാപാരി സാജിദിനോട് ഏതാനും ചില പോലിസുകാര്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതും പോലിസിനെ ന്യായീകരിച്ച് അദ്ദേഹം ചിരിച്ചുകൊണ്ട് ഉത്തരം പറയുന്നതുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എസ് ഐ ചെയ്തതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണെന്ന ചോദ്യത്തിന്, ഒന്നാമത് ജീവിത പ്രശ്‌നമാണെന്നും എസ് ഐയ്ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരം ഉണ്ടെന്നുമാണ് സാജിദ് മറുപടി പറയുന്നത്. മാത്രമല്ല, എന്റെ തെറ്റാണെന്നും രണ്ടുമൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറയുന്നുണ്ട്. കണ്ണൂരിലെ പോലിസിനെ പറ്റി എന്താണ് അഭിപ്രായം എന്ന ചോദ്യത്തിനു പോലിസുകാര്‍ എല്ലാവരും നല്ലതു തന്നെയാണെന്നും പോലിസ് എവിടെത്തെയായാലും നല്ലത് തന്നെയാണെന്നും മറുപടി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പോലിസിനെ ന്യായീകരിച്ചും പുകഴ്ത്തിയും പറയിപ്പിച്ച് പ്രതിഷേധവും വിമര്‍ശനവും ഒഴിവാക്കാനാണു കണ്ണൂര്‍ ടൗണ്‍ പോലിസിന്റെ നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നേരത്തേ പാലക്കാടും മറ്റും ഇത്തരത്തില്‍ പോലിസ് പീഡനത്തിനിരയായവരെ കൊണ്ട് പുകഴ്ത്തിപ്പറയിപ്പിച്ച് പോലിസ് തന്നെ വീഡിയോയെടുത്ത് പ്രചരിപ്പിച്ച സംഭവം ഈയിടെ വിവാദമായിരുന്നു.


Kannur Police play 'praises' street vendor (video)




Tags:    

Similar News