പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികളുടെ നാടകം; സ്‌കൂള്‍ പൂട്ടിച്ച് പോലിസ്, രാജ്യദ്രോഹത്തിന് കേസെടുത്തു

സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് എന്നിവരെ പ്രതികളാക്കി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു.

Update: 2020-01-28 13:16 GMT

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ പട്ടികയ്ക്കും (എന്‍ആര്‍സി) എതിരേ നാടകം അവതരിപ്പിച്ച സ്‌കൂള്‍ അടച്ചുപൂട്ടി രാജ്യദ്രോഹക്കുറ്റം ചുമത്തി കര്‍ണാടക പോലിസ്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലുള്ള ഷഹീന്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരേയാണ് നടപടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് എന്നിവരെ പ്രതികളാക്കി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 504 (പ്രകോപനം സൃഷ്ടിച്ച് സമാധാനഭംഗം ഉണ്ടാക്കല്‍), 505 (2) (ശത്രുത വളര്‍ത്തുന്ന പ്രസ്താവന നടത്തല്‍), 153 എ (സാമുദായിക വിദ്വേഷം വളര്‍ത്തല്‍) തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ടാണ് പോലിസ് നടപടി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകവും അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കിട്ട രീതിയും സമൂഹത്തിലെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് സംഘപരിവാര പ്രവര്‍ത്തകനായ നിലേഷ് രക്ഷല്‍ (35) നല്‍കിയ പരാതിയിലാണ് നടപടി.

പരാതിക്കു പിന്നാലെ സ്ഥലത്തെത്തിയ പോലിസ് സ്‌കൂള്‍ അടച്ചു പൂട്ടി മുദ്രവയ്ക്കുകയായിരുന്നു. സ്‌കൂളിന്റെ മാനേജ്‌മെന്റിനുപുറമെ, നാടകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുവെന്നാരോപിച്ച് മുഹമ്മദ് യൂസഫ് റഹിം എന്നയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് നാടകം അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമാക്കി ചിത്രീകരിച്ചതായും പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും പ്രാബല്യത്തില്‍ വന്നാല്‍ ഒരു സമുദായത്തിലെ ആളുകള്‍ രാജ്യം വിടേണ്ടിവരുമെന്ന സന്ദേശവും നാടകം നല്‍കുന്നതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയുടെ വടക്കേ അറ്റത്തുള്ള ജില്ലയായ ബിദാറിലെ ഗുരുനാനക് കോളനിയിലാണ് ഷഹീന്‍ വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

Tags:    

Similar News