കാസര്‍കോട് എക്‌സൈസ് റിമാന്‍ഡ് പ്രതി മരിച്ചു; മരണകാരണം കസ്റ്റഡി മര്‍ദ്ദനമെന്ന് ബന്ധുക്കള്‍
കാഞ്ഞങ്ങാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെയാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണം.
കാസര്‍കോട്: ബദിയടുക്കയില്‍ എക്‌സൈസ് കേസില്‍ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെയാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് മരണം. ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ആളാണ് കസ്റ്റഡിയില്‍ മരിച്ചതെന്ന് കരുണാകരന്റെ സഹോദരന്‍ ശ്രീനിവാസ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് പോലിസ് അന്വേക്കണം.
ഒരു കൈയുടെ വീക്കത്തിന് ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞിരുന്നു. കിഡ്‌നിക്ക് തകരാറുണ്ടെന്നും ഡയാലിസിസ് വേണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് അധികതൃതര്‍ വിശദീകരിക്കുന്നത്.
ജയിലില്‍ അപസ്മാരമുണ്ടായപ്പോഴാണ് ആശുപത്രിയിലാക്കിയതെന്നും എക്‌സൈസ് പറയുന്നു. കര്‍ണാടകയില്‍നിന്ന് മദ്യം കടത്തിയെന്ന കേസില്‍ ജൂലൈ 19 നായിരുന്നു കരുണാകരനെ എക്‌സൈസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെവച്ച് ഇന്നലെയാണ് കരുണാകരന്‍ മരിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇയാളുടെ പേശികള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കിഡ്‌നി തകരാറും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. അതീവഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തിയത്. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പോലിസ് അസ്വാഭാവിക മരണത്തിന് സ്വമേധയ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കരുണാരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കും.