കൂത്തുപറമ്പ് വെടിവയ്പ്: വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന പുഷ്പന്‍ മരണപ്പെട്ടു
1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരേ ഡിവൈഎഫ്ഐ നടത്തിയ സമരം സംഘര്‍ഷത്തിലെത്തിയപ്പോഴുണ്ടായ പോലിസ് വെടിവയ്പിലാണ് പുഷ്പന് ഗുരുതരമായി പരിക്കേറ്റത്.
കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍(54) മരണപ്പെട്ടു. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുചികില്‍സയ്ക്കു ശേഷം ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആഗസ്ത് രണ്ടിന് വൈകീട്ടാണ് അതീവഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവനെതിരേ ഡിവൈഎഫ്ഐ നടത്തിയ സമരം സംഘര്‍ഷത്തിലെത്തിയപ്പോഴുണ്ടായ പോലിസ് വെടിവയ്പിലാണ് പുഷ്പന് ഗുരുതരമായി പരിക്കേറ്റത്. 24ാം വയസ്സില്‍ സുഷുമ്‌നനാഡി തകര്‍ന്ന് കിടപ്പിലായി. വെടിവയ്പില്‍ അഞ്ച് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമാണ് പുഷ്പന്‍.
ബാലസംഘത്തിലൂടെയാണ് പുഷ്പന്‍ സിപിഎമ്മിലേക്കെത്തിയത്. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. സാമ്പത്തിക പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബെംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഡിവൈഎഫ് ഐയും സ്വാശ്രയ വിരുദ്ധ സമരത്തില്‍ പങ്കെടുത്തത്. സിപിഎം വിട്ട് യുഡിഎഫില്‍ മന്ത്രിയായ എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പോലിസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനു പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. 'ജീവിക്കുന്ന രക്തസാക്ഷി'യെന്ന് സിപിഎം വിശേഷിപ്പിച്ച പുഷ്പന്‍ കിടപ്പിലായിരുന്നപ്പോഴും ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സമ്മേളനങ്ങളില്‍ പലതവണ എത്തിയിരുന്നു. കര്‍ഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത(പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫിസ് തലശ്ശേരി).