മലാലി ജുമാ മസ്ജിദില്‍ സര്‍വേ; വിഎച്ച്പിയുടെ ആവശ്യം റദ്ദാക്കണമെന്ന മസ്ജിദ് മാനേജ്‌മെന്റിന്റെ ഹരജി കര്‍ണാടക കോടതി തള്ളി
ബംഗളൂരു: ഗ്യാന്‍ വാപി മസ്ജിദ് മാതൃകയില്‍ മംഗലാപുരത്ത് സ്ഥിതിചെയ്യുന്ന മലാലി ജുമാ മസ്ജിദിലും സര്‍വേ നടത്തണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം റദ്ദാക്കണമെന്ന മസ്ജിദ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജി കര്‍ണാടക കോടതി തള്ളി. മംഗളൂരുവിലെ മൂന്നാം അഡീഷനല്‍ സിവില്‍ കോടതി മസ്ജിദിന്റെ സര്‍വേ നടത്തണമെന്ന വിഎച്ച്പിയുടെ ഹരജി ഫയലില്‍ സ്വീകരിച്ച മംഗളൂരു കോടതി, സിവില്‍ കോടതി കേസ് തുടര്‍ന്നും പരിഗണിക്കുമെന്ന് വ്യക്തമാക്കി. വഖ്ഫ് ബോര്‍ഡിന്റെ വക വസ്തുവിലാണ് മലാലി മസ്ജിദ് നിലകൊള്ളുന്നതെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വഖ്ഫുമായി ബന്ധപ്പെട്ട കോടതിയില്‍ കേള്‍ക്കണമെന്നും മസ്ജിദ് മാനേജ്‌മെന്റ് ഹരജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഈ വാദങ്ങള്‍ കോടതി തള്ളി. ഇപ്പോള്‍ കേസ് പരിഗണനയിലിരിക്കുന്ന സിവില്‍ കോടതിയില്‍ വാദം കേള്‍ക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. ഗ്യാന്‍ വാപി മസ്ജിദ് മാതൃകയില്‍ കോടതി കമ്മീഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി സമര്‍പ്പിച്ച ഹര്‍ജി 2023 ജനുവരി എട്ടിന് പരിഗണിക്കും. വിധിയെ വിഎച്ച്പി സ്വാഗതം ചെയ്തു. മസ്ജിദ് മാനേജ്‌മെന്റ് സമ്മതിച്ചാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് വിഎച്ച്പി നേതാവ് ശരണ്‍ പമ്പ്വെല്‍ പറഞ്ഞു. തര്‍ക്കമുള്ള മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ നിയമപരമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപി പള്ളിയുടെ മാതൃകയില്‍ പള്ളിയുടെ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. മസ്ജിദ് പുതുക്കിപ്പണിയുന്ന സമയത്ത് ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടന കണ്ടെത്തിയെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭൂമി തര്‍ക്കമാണിത്. മസ്ജിദിനുള്ളില്‍ ഒരു ക്ഷേത്ര ഘടന കണ്ടെത്തിയെന്നും സര്‍വേ നടത്തണമെന്നും ഹിന്ദുക്കള്‍ അവകാശപ്പെടുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മസ്ജിദിന് ചുറ്റം ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
കഴിഞ്ഞ ഏപ്രില്‍ 21നാണ് പള്ളിയുടെ പുനര്‍നവീകരണം തുടങ്ങിയത്. ആസമയത്ത് പള്ളിയുടെ മേല്‍ക്കൂരയിലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്ഷേത്രത്തിന് സമാനമായ ചിത്രമാണെന്ന അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാല്‍, ഹിന്ദുത്വസംഘടനകളുടെ ആവശ്യത്തിനെതിരേ രംഗത്തുവന്ന മസ്ജിദ് മാനേജ്‌മെന്റും മുസ്‌ലിം സംഘടനകളും ഇക്കാര്യം പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് വാദിച്ചു. ഇത് തങ്ങളുടെ ഭൂമിയാണെന്ന് മുസ്‌ലിംകള്‍ വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ഇക്കാര്യത്തില്‍ കോടതി വിധി പറയേണ്ടിയിരുന്നത്. കര്‍ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയില്‍ പ്രാദേശിക കോടതി നവംബര്‍ 9 ലേക്ക് കേസ് മാറ്റിവച്ചിരുന്നു. മംഗളൂരുവിലെ മൂന്നാം അഡീഷനല്‍ സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവച്ച ശേഷം മസ്ജിദ് പരിസരത്ത് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന തീരദേശ മേഖലയില്‍ സംസ്ഥാന പോലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് തലത്തില്‍ സുരക്ഷയൊരുക്കും. ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ മേല്‍നോട്ടത്തിനായി മലാലി മസ്ജിദ് സന്ദര്‍ശിക്കും.