സംസ്ഥാനത്ത് പ്രചരണം അന്തിമഘട്ടത്തിൽ; കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് 23ന് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്.

Update: 2019-04-19 12:25 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക്. 23ന് ലോക്സഭയിലേക്ക് മൂന്നാംഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്. ഇതിനു പുറമേ, വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടി മൽസരിക്കാനെത്തിയതോടെ കേരളം ശ്രദ്ധാകേന്ദ്രമായി.

സ്ഥാനാർഥികളെല്ലാം ഇതിനോടകം മണ്ഡല പര്യടനം പൂർത്തിയാക്കി റോഡ് ഷോയിലാണ്. അവസാനവട്ട ഹൗസ് കാംപയിനുമായി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ. അതിനിടെ, പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാർഥികളും പാർട്ടി നേതൃത്വവും രംഗത്തുള്ളത് പോരാട്ടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.

2014 തിരഞ്ഞെടുപ്പിൽ നേടിയ ആധിപത്യം ഇക്കുറി വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഒപ്പം വയനാട് മണ്ഡലത്തിൽ മൽസരിക്കാൻ രാഹുൽ ഗാന്ധി എത്തിയതോടെ 20 മണ്ഡലങ്ങളിലും മുന്നേറ്റം പ്രകടമാവുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ ഭരണനേട്ടവും 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ ജനപിന്തുണയും ഇക്കുറിയും ആവർത്തിക്കുമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. പത്ത് മണ്ഡലങ്ങളിൽ മൽസരിക്കുന്ന എസ്ഡിപിഐയും പ്രചരണ രംഗത്ത് സജീവമാണ്. ഈ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമാണ് എസ്ഡിപിഐക്കുള്ളത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20ൽ 12 സീറ്റും യുഡിഎഫ് നേടിയപ്പോൾ എട്ടു സീറ്റുകളാണ് എൽഡിഎഫിന് ഒപ്പം നിന്നത്. എന്നാൽ രാഷ്ട്രീയ കാലാവസ്ഥ മാറിയതോടെ ഇക്കുറി പല സീറ്റുകളിലും വിജയം പ്രവചനാതീതമാണ്. പ്രളയവും ശബരിമലയും വോട്ടർമാരെ സ്വാധീനിക്കുമെന്നതിലും സംശയമില്ല. അവസാനവട്ട അടിയൊഴുക്കുകളും വോട്ടുചോർച്ചയും വോട്ടുകച്ചവടവുമെല്ലാം ജയപരാജയങ്ങളെ നിർണയിക്കും. എൽഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോലും കടുത്ത പോരാട്ടമാണ് ഇക്കുറി പ്രകടമായിട്ടുള്ളത്. പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി നയിക്കുന്ന എൻഡിഎ അമിത പ്രതീക്ഷ പുലർത്തുന്നു. എൽഡി എഫിലും യുഡിഎഫിലും നിന്നുള്ള അടിയൊഴുക്കുകൾ തടഞ്ഞാൽ തിരുവനന്തപുരത്ത് ബിജെപിയുടെ വോട്ടിങ് ശതമാനം കുറയുമെന്നതിൽ സംശയമില്ല.

തിരുവനന്തപുരം, വടകര, പത്തനംതിട്ട, പൊന്നാനി, ആറ്റിങ്ങൽ, കണ്ണൂർ, കൊല്ലം, ആലത്തൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ വീറും വാശിയുമേറിയ മൽസരമാണ് ഇരു മുന്നണികളും നടത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറിയ എസ്ഡിപിഐയുടെ സാന്നിധ്യവും പല മണ്ഡലങ്ങളിലും മുന്നണികളുടെ ഉറക്കം കെടുത്തുന്നുണ്ട്.

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ദേശീയ തലത്തിൽ അലയടിക്കുന്ന ബിജെപി വിരുദ്ധത തന്നെയാവും തിരഞ്ഞെടുപ്പിൽ കേരളത്തിലും പ്രതിഫലിക്കുക. ബിജെപിയുടെ ഫാഷിസ്റ്റ് നിലപാടുകളും ന്യൂനപക്ഷ വിരുദ്ധതയുമെല്ലാം സാധാരണക്കാരിൽ പോലും ചർച്ചാ വിഷയമാണ്. ചുരുക്കത്തിൽ പ്രചരണ രംഗത്ത് ലഭിച്ച പിന്തുണ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫും യുഡിഎഫും. കണക്കുകൾ കൂട്ടിയും കിഴിച്ചും വോട്ടെടുപ്പിനായി കാത്തിരിക്കുകയാണ് പാർട്ടികൾ.

Tags:    

Similar News