ലോക്ക് ഡൗണ്‍: മലേസ്യയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ നൂറുകണക്കിന് വിദേശികളെ കസ്റ്റഡിയിലെടുത്തു

അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും നിരവധി മനുഷ്യാവകാശ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Update: 2020-05-02 06:48 GMT

ന്യൂഡല്‍ഹി: മലേസ്യയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പടെ നൂറുകണക്കിന് അനധികൃത താമസക്കാരെ കസ്റ്റഡിയിലെടുത്തു. കൊവിഡ് കാലയളവില്‍ രാജ്യത്ത് കുടുങ്ങിയവരെ പിന്നീട് വിട്ടയച്ചെങ്കിലും ബാക്കിയുള്ളവരെ ജയിലുകളിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് അസാധാരണമായ നീക്കമുണ്ടായത്.

അറസ്റ്റിലായവരില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരുമുണ്ട്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് കുടുങ്ങിപ്പോകുകയും ആ സമയത്ത് വിസ കാലാവധി തീരുകയും ചെയ്തവരെയാണ് വിട്ടയച്ചത്. അതേസമയം, വിസിറ്റ് വിസയിലെത്തി രാജ്യത്ത് തൊഴിലെടുക്കുന്നവരും വിസ കാലാവധി തീര്‍ന്ന ശേഷം രാജ്യത്ത് തുടരുന്നവരെയും ജയിലുകളിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ വകുപ്പും പോലിസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും നിരവധി മനുഷ്യാവകാശ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിപ്പോയ പൗരന്‍മാരെ തിരികെ കൊണ്ടുപോകണമെന്ന് മലേഷ്യ വിവിധ രാജ്യങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്.

ഇതിനിടെ എട്ട് മലേസ്യന്‍ പൗരന്‍മാരെ ഏപ്രില്‍ അഞ്ചിന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മലിന്ദോ എയറിന്റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ഒരുങ്ങവെയായിരുന്നു അറസ്റ്റ്. ഇതിന്ററെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ നേരിയ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ മലേസ്യയില്‍ അസാധാരണ നടപടിയുണ്ടായത്.

മലേസ്യയില്‍ രണ്ട് ദശലക്ഷം വിദേശികളാണ് ഉള്ളത്. ഇതില്‍ നിരവധി പേര്‍ ആവശ്യമായ രേഖകളില്ലാതെയാണ് രാജ്യത്ത് താമസിക്കുന്നതെന്ന് മലേസ്യന്‍ അധികൃതര്‍ പറയുന്നു. 

Tags:    

Similar News