മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു: സംഘത്തെ പോലിസ് വാഹനത്തില്‍ തലപ്പാടിയിലെത്തിച്ചു, പോലിസ് മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തകര്‍
ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പോലിസ് വാനില്‍ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചത്.
തലപ്പാടി: മംഗളുരു പോലിസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പോലിസ് വാനില്‍ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചത്. കാമറയും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇവരുടെ വാഹനങ്ങള്‍ കര്‍ണാടക പോലിസ് വിട്ടു കൊടുത്തിട്ടില്ല. നാളെ വിട്ടുനല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിടെ എട്ടരയോടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പോലിസ് വെടിവച്ച് കൊന്ന രണ്ടു പേരുടെ ബന്ധുക്കളുമായി അഭിമുഖം നടത്തിയ ശേഷം ലൈവ് നല്‍കുന്നതിനിടെയാണ് മംഗളൂര്‍ കമ്മീഷണര്‍ ഹര്‍ഷ ഐപിഎസിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇവരെ അറസ്റ്റ് ചെയ്തു. ഏഷ്യാനെറ്റ്, മീഡിയ വണ്‍, 24x7 ചാനലുകളുടെ റിപോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
പോലിസ് മോശമായാണ് പെരുമാറിയതെന്ന് റിപോര്‍ട്ടര്‍ ആരോപിച്ചു. സീറ്റ് ഉണ്ടായിട്ടും ബസ്സിലെ തറയിലുരുത്തിയതായി മീഡിയാ വണ്‍ റിപോര്‍ട്ടര്‍ റഷീദ് ആരോപിച്ചു. കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്ന് മാത്രമല്ല, അതിര്‍ത്തിയില്‍ പൊലീസ് വാഹനത്തില്‍ എത്തിച്ച ശേഷം കേരളാ പോലിസിന് കൈമാറുന്നതടക്കം കേട്ടുകേള്‍വിയില്ലാത്ത നടപടിക്രമങ്ങളും കര്‍ണാടക പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.